കുന്നംകുളം: ഇന്നലെ പെരുമ്പിലാവ് വട്ടമ്മാവില്‍ ബിജെപി സ്ഥാനാര്‍ഥി അനീഷ് കുമാറിന്റെ വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് പത്തു പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. വട്ടമ്മാവ് സ്വദേശികളായ അഭിലാഷ്, നിഖില്‍, വിനോദ്, മനോജ്, സന്തോഷ്, വിജീഷ്, പുഷ്പരാജന്‍, സന്തോഷ്, അനീഷ്, ഗിരീഷ് എന്നിവരാണ് പിടിയിലായത്. ഇവര്‍ മേഖലയിലെ സിപിഎം പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാത്രി ഒമ്പത് മണിയോടെ അനീഷ്കുമാറിന്റെ തെരഞ്ഞെടുപ്പ് പര്യടനം വട്ടമ്മാവിലെത്തിയത്. എന്നാല്‍ പര്യടനം വട്ടമ്മാവ് കോളനിയിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞ് അവര്‍ പര്യടനത്തെ തടയുകയും തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ബിജെപിയുടെ രണ്ട് വാഹനങ്ങളും തകര്‍ക്കപ്പെട്ടു. പോലീസ് ഉടന്‍ സ്ഥലത്തെത്തുകയും രംഗം ശാന്തമാക്കുകയും ചെയ്തു. ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പത്തു പേരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. നാളെ രാവിലെ വട്ടമ്മാവില്‍ നിന്നും പര്യടനം പുനരാരംഭിക്കുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.