നെയ്യാറ്റിന്‍കര: ചെക്‌പോസ്റ്റ് വെട്ടിച്ച് സ്പിരിറ്റ് കടത്തിയ സംഘത്തിലെ രണ്ടു പേരെ പോലീസ് പിടികൂടി. വന്‍ശൃംഖലയിലെ കണ്ണികളാണ് ഇവരെന്ന് പോലീസ്. കന്യാകുമാരി പടന്താലുംമൂട് സ്വദേശി റജി (39), വിളവന്‍കോട് സ്വദേശി കനകരാജ് (44) എന്നിവരെയാണ് നെയ്യാറ്റിന്‍കര സിഐ യും സംഘവും പിടികൂടിയത്. നാലു വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം. തമിഴ്‌നാട്ടില്‍ നിന്നും നെയ്യാറ്റിന്‍കരയിലേയ്ക്ക് ആഡംബര കാറില്‍ സ്പിരിറ്റുമായെത്തിയ സംഘത്തിലെ അംഗങ്ങളാണ് ഇരുവരും. 35 ലിറ്റര്‍ വീതമുള്ള 30 കന്നാസുകള്‍ വാഹനത്തിലുണ്ടായിരുന്നു. രതീഷ് എന്നയാളായിരുന്നു വാഹനത്തിന്റെ ഡ്രൈവര്‍.
വാഹനത്തിനു മുമ്പേ ബൈക്കില്‍ എസ്‌കോര്‍ട്ട് പോയത് റജിയും കനകരാജുമാണ്. വാഹനത്തില്‍ സ്പിരിറ്റ് കയറ്റിയതും ഇവര്‍ കൂടി ചേര്‍ന്നാണെന്ന് പോലീസ് പറയുന്നു. അമരവിള ചെക്‌പോസ്റ്റില്‍ അധികൃതര്‍ കൈകാണിച്ചിട്ടും നിറുത്താതെ അമിതവേഗതയില്‍ വാഹനം കടന്നുപോയി. തുടര്‍ന്ന് എക്‌സൈസ് പിന്തുടരുന്നതായി സംശയം തോന്നിയപ്പോള്‍ വാഹനം അമരവിള പാലത്തിനു സമീപം ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. വാഹനവും സ്പിരിറ്റും ലഭിച്ചെങ്കിലും പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചന കിട്ടിയിരുന്നില്ല. വാഹനത്തിന്റെ നമ്പര്‍ വ്യാജമായിരുന്നു.
പിന്നീട് ഷാസി നമ്പറും എഞ്ചിന്‍ നമ്പറുമൊക്കെ പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ റജിയുടേതാണ് വാഹനം എന്ന് തെളിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റജിയെയും കനകരാജിനെയും പിടികൂടിയത്. കടത്തിന്റെ സൂത്രധാരനായി കണക്കാക്കുന്ന രതീഷ് ആറു മാസം മുമ്പ് രോഗബാധിതനായി മരണമടഞ്ഞതായും പോലീസ് പറഞ്ഞു. നെയ്യാറ്റിന്‍കരയിലേയ്ക്കാണ് സ്പിരിറ്റ് കൊണ്ടുവന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. മറ്റു കാര്യങ്ങള്‍ സംബന്ധിച്ച് യാതൊന്നും അറിയില്ലെന്നാണത്രെ പ്രതികളുടെ ഭാഷ്യം. രണ്ടു പ്രതികളെയും നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരുടെ പേരില്‍ നിലവില്‍ മറ്റു കേസുകളില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
അതേ സമയം, കേസിന്റെ അന്വേഷണം ഇവിടെ അവസാനിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. അയല്‍സംസ്ഥാനത്തു നിന്നും കേരളത്തിലേയ്ക്ക് സ്പിരിറ്റ് കൊണ്ടുവരുന്ന വന്‍ശൃംഖലയിലെ കണ്ണികള്‍ മാത്രമാണ് ഇവര്‍. മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ അന്വേഷണത്തിന്റെ ഭാഗമായി തുടരും. ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഓണം, ക്രിസ്മസ്, പുതുവത്സരം മുതലായ സീസണുകള്‍ ലക്ഷ്യമിട്ട് കോടികളുടെ സ്പിരിറ്റാണ് കേരളത്തില്‍ എത്തുന്നതെന്ന ആരോപണം നേരത്തെയുണ്ട്.
ചെക്‌പോസ്റ്റുകളെ സംബന്ധിച്ചിടത്തോളം പലയിടത്തും പരിമിതികളാണ് പ്രകടമാകുന്നത്. ജീവനക്കാരുടെ അഭാവവും സൗകര്യങ്ങളുടെ അപര്യാപ്തതയും അവര്‍ നിരത്തുമ്പോള്‍ കടത്തുകാര്‍ക്ക് യഥേഷ്ടം ലക്ഷ്യസ്ഥാനങ്ങളിലെത്താനാവുമെന്നതാണ് ഈ വാദങ്ങളുടെ മറുവശം. സ്‌പെഷല്‍ ഡ്രൈവ് സമയങ്ങളില്‍ മാത്രമാണ് ചെക്‌പോസ്റ്റുകളില്‍ ജീവനക്കാര്‍ കൂടുതലായി നിയോഗിക്കപ്പെടുന്നത്.