സ്വകാര്യ ബസുകളില്‍ കുടുംബശ്രീ കണ്ടക്ടര്‍മാര്‍ വരുന്നു

PKD-BUSSTANDകൊച്ചി: കൊച്ചി നഗരത്തില്‍ ഉള്‍പ്പെടെ ജില്ലയില്‍ സ്വകാര്യ ബസുകളില്‍ കണ്ടക്ടര്‍ സേവനത്തിന് കുടുംബശ്രീയിലെ വനിതകളും. ഇന്നലെ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി സമിതിയുടെ യോഗത്തിലാണ് ഈ തീരുമാനം. തുടക്കത്തില്‍ നൂറു വനിതകള്‍ക്കു കണ്ടക്ടര്‍മാരായി ജോലി നല്‍കാനും അവര്‍ക്ക് മെച്ചപ്പെട്ട വേതനം നല്‍കാനും തയാറാണെന്ന് യോഗത്തില്‍ പങ്കെടുത്ത ബസുടമകള്‍ പറഞ്ഞു. പരമാവധി രാത്രി എട്ടുവരെ സര്‍വീസുള്ള റൂട്ടുകളിലായിരിക്കും ഇവരെ നിയോഗിക്കുക.

കുടുംബശ്രീയില്‍ നിന്ന് നൂറ് അംഗങ്ങളെ കണെ്ടത്തി ആവശ്യമായ പരിശീലനം നല്‍കി അടുത്ത മാസം ഒന്നാം തീയതിയോടെ ജോലിക്കു കയറാന്‍ പ്രാപ്തരാക്കാന്‍ കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടാനി തോമസിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. സ്വകാര്യ ബസ് ജീവനക്കാരും യാത്രക്കാരും, പ്രത്യേകിച്ച് വിദ്യാര്‍ഥികളുമായി, ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണു പുതിയ തീരുമാനമെന്ന് കളക്ടര്‍ രാജമാണിക്യം പറഞ്ഞു. കണ്ടക്ടറാകാന്‍ ആഗ്രഹിക്കുന്നവര്‍ എസ്എസ്എല്‍സി പാസായിരിക്കണം. പരിശീലനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ലൈസന്‍സ് നല്‍കുമെന്ന് ആര്‍ടിഒ കെ.എം. ഷാജിയും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ എന്‍. സുരേഷും പറഞ്ഞു. അപേക്ഷകര്‍ കുടുംബശ്രീ ജില്ലാ ഓഫീസുമായോ ആര്‍ടിഒ ഓഫീസുമായോ ബന്ധപ്പെടണം.

ബസുകളില്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യങ്ങളും മോശം പെരുമാറ്റവും അറിയിക്കുന്നതിന് പ്രധാന ഫോണ്‍ നമ്പറുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള സ്റ്റിക്കറുകള്‍ പതിക്കാനും തീരുമാനമായി. ഈ സ്റ്റിക്കറുകളില്‍ വാട്‌സ്ആപ്, കണ്‍ട്രോള്‍ റൂം നമ്പറുകള്‍ കൂടാതെ ഇമെയില്‍ വിലാസവും ഉണ്ടായിരിക്കും. കുട്ടികള്‍ക്ക് ഇക്കുറിയും റോഡ് സുരക്ഷ സംബന്ധിച്ച് ഹാന്‍ഡ്ബുക്ക് നല്‍കുമെന്ന് ആര്‍ടിഒ കെ.എം. ഷാജി പറഞ്ഞു. കഴിഞ്ഞവര്‍ഷം 20,000 കുട്ടികള്‍ക്ക് ഹാന്‍ഡ്ബുക്ക് നല്‍കിയിരുന്നു. പൊതുഗതാഗത രംഗത്തുണ്ടാകുന്ന അസ്വാരസ്യങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കണ്ടക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കും.

ഇതിനൊപ്പം മികച്ച കണ്ടക്ടര്‍, ഡ്രൈവര്‍ എന്നിവരെ കണെ്ടത്തി അവര്‍ക്ക് പാരിതോഷികം നല്‍കാനും തീരുമാനമായി. ബസുകളില്‍ സിസിടിവി കാമറ ഘടിപ്പിക്കുന്നത് തുടരുന്നുണെ്ടന്ന് ബസുടമകള്‍ അറിയിച്ചു. എന്നാല്‍ ഇതിലെ ദൃശ്യങ്ങള്‍ മോട്ടോര്‍വാഹന വകുപ്പിനു മുമ്പാകെ പരിശോധിക്കാനുള്ള സംവിധാനം കൂടി ഉണ്ടായാലേ പരാതികള്‍ക്കു വേണ്ട രീതിയില്‍ പരിഹാരം കാണാന്‍ കഴിയൂ എന്ന് ആര്‍ടിഒ ചൂണ്ടിക്കാട്ടി. ബസുകളില്‍ ടിക്കറ്റിനു പകരം സ്മാര്‍ട്കാര്‍ഡ് സംവിധാനം ആവിഷ്കരിക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്നു ബസുടമകള്‍ അറിയിച്ചു.

പരമാവധി ബസുകളില്‍ ടിക്കറ്റിംഗ് യന്ത്രം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ ഈ യന്ത്രങ്ങള്‍ പണിമുടക്കിയാല്‍ തകരാര്‍ പരിഹരിക്കാന്‍ വേണ്ടത്ര സംവിധാനമില്ലെന്ന് അവര്‍ പരാതിപ്പെട്ടു. തക്കതായ കാരണമില്ലാതെ ട്രിപ്പ് മുടക്കുന്ന ബസുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു ജില്ലാ കളക്ടര്‍ മുന്നറിയിപ്പു നല്‍കി. ബസ് മുടങ്ങുന്നതിന്റെ പേരില്‍ പൊതുജനം കഷ്ടപ്പെടാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Related posts