സ്വദേശാഭിമാനിയുടെ ജന്മനാട്ടിലും പ്രസ്റ്റീജ് പോരാട്ടം

tvm-electionഗിരീഷ് പരുത്തിമഠം
നെയ്യാറ്റിന്‍കര: തിരുവിതാംകൂറില്‍ രാഷ്ട്രീയ പത്രപ്രവര്‍ത്തനത്തിന് ഹരിശ്രീ കുറിച്ച സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ ജന്മനാട്ടില്‍ യുഡിഎഫിനും എല്‍ഡിഎഫിനും എന്‍ഡിഎ യ്ക്കും ഇപ്രാവശ്യം അക്ഷരാര്‍ഥത്തില്‍ അഭിമാന പോരാട്ടമാണ്. സംസ്ഥാനത്തെ ഈ 140-ാമത്തെ നിയമസഭ നിയോജകമണ്ഡലം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ മൂന്നാമത്തെ വിധിയെഴുത്തിനു വിധേയമാകുമ്പോള്‍ ഭരണം നിലനിറുത്താനാണ് യുഡിഎഫിന്റെ പ്രയത്‌നം. സ്വാഭാവികമായും അട്ടിമറിയാണ് എല്‍ഡിഎഫിന്റെയും എന്‍ഡിഎ യുടെയും പ്രതീക്ഷ. നെയ്യാറ്റിന്‍കര നഗരസഭയും അതിയന്നൂര്‍, ചെങ്കല്‍, തിരുപുറം, കാരോട്, കുളത്തൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്ന നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ വികസനത്തുടര്‍ച്ച വാഗ്ദാനം ചെയ്താണ് ആര്‍. ശെല്‍വരാജ് യുഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്.

2011- ല്‍ സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായിരുന്ന ശെല്‍വരാജ് ഒരു വര്‍ഷത്തിനകം ഇടതുപാളയത്തോട് പൂര്‍ണമായും വിട ചൊല്ലി. പാര്‍ട്ടിയുമായുണ്ടായ അഭിപ്രായഭിന്നതയെത്തുടര്‍ന്ന് എംഎല്‍എ പദവിയും മറ്റു സംഘടന സ്ഥാനങ്ങളും രാജിവച്ചു. 1982 -ലും 1986 -ലും കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായും പിന്നീട് സിപിഎം പാറശാല ഏര്യാ കമ്മിറ്റി സെക്രട്ടറിയായും ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ച പാര്‍ട്ടിയുടെ കരുത്തനായ സാരഥി 2006 -ലാണ് ആദ്യം നിയമസഭയിലെത്തുന്നത്. 2001- ല്‍ ആദ്യമായി പാറശാല മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ തന്നെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിലെ എന്‍. സുന്ദരന്‍നാടാരെ അടിയറവു പറയിപ്പിച്ചാണ് 2006- ലെ തിളക്കമാര്‍ന്ന വിജയം.

എന്തായാലും, തലസ്ഥാനജില്ലയുടെ തെക്കന്‍ പ്രദേശങ്ങളായ പാറശാലയെയും നെയ്യാറ്റിന്‍കരയെയും നിയമസഭയില്‍ ഇടതിനെ പ്രതിനിധീകരിച്ച ശെല്‍വരാജ് 2012- ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് എല്‍ഡിഎഫിനാകെ ക്ഷീണമായി. കേരളമാകെ ആകാംക്ഷയോടെ ഉറ്റുനോക്കിയ 2012 -ലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ശെല്‍വരാജ് 6334 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയശ്രീലാളിതനായി. ടി.പി ചന്ദ്രശേഖരന്‍ വധത്തിന്റെ പേരിലുണ്ടായ പ്രതിഷേധവും വിധിയെഴുത്ത് ദിവസം പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ നടത്തിയ ടിപി യുടെ വീട് സന്ദര്‍ശനവുമൊക്കെ ശെല്‍വരാജിന്റെ നേട്ടത്തിനുള്ള കാരണങ്ങളുടെ പട്ടികയില്‍ അടങ്ങുന്നു. കഴിഞ്ഞ കാലയളവില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന നേട്ടങ്ങളുടെ പേരു പറഞ്ഞാണ് ഇക്കുറി ശെല്‍വരാജ് വീണ്ടും വോട്ടര്‍മാരെ സമീപിക്കുന്നത്.

അഞ്ചു വര്‍ഷത്തിനു മുമ്പ് ഒരേ ചേരിയില്‍, ശെല്‍വരാജിന്റെ സഹപ്രവര്‍ത്തകനായിരുന്ന, കെ. ആന്‍സലനാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളില്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ച ചരിത്രമുള്ള ആന്‍സലന്‍ സിപിഎം നെയ്യാറ്റിന്‍കര ഏര്യാ കമ്മിറ്റി സെക്രട്ടറിയായി സേവനം അനുഷ്ഠിക്കവെയാണ് പാര്‍ട്ടി നിയമസഭ തെരഞ്ഞെടുപ്പിനുള്ള മത്സരാര്‍ഥിയായി പരിഗണിച്ചത്. എസ്എഫ്‌ഐ ഏര്യാ സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, ഏര്യാ പ്രസിഡന്റ് എന്നീ നിലകളില്‍ നിന്നും ഉയര്‍ന്നുവന്ന ആന്‍സലന്‍ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായും അമരവിള ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായും നിയോഗിക്കപ്പെട്ടു. നെയ്യാറ്റിന്‍കര നഗരസഭ വൈസ് ചെയര്‍മാനായും പ്രതിപക്ഷനേതാവായും പ്രവര്‍ത്തിച്ചു. വ്യാപാരി വ്യവസായി സമിതി, കെട്ടിട നിര്‍മാണ തൊഴിലാളി ഫെഡറേഷന്‍ എന്നീ സംഘടനകളുടെ ഏര്യാ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ശെല്‍വരാജിന്റെ കാലുമാറ്റ രാഷ്ട്രീയത്തിന്റെ കഥയും മണ്ഡലത്തിലെ പൊള്ളയായ വികസനങ്ങളുടെ പട്ടികയും യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയുമെല്ലാം പ്രചാരണത്തില്‍ എല്‍ഡിഎഫിന് ആയുധങ്ങളാകും.

എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം മണ്ഡലം തിരിച്ചു പിടിക്കാതെ വിശ്രമമില്ലെന്നാണ് പല അനുഭാവികളുടെയും അഭിപ്രായം. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 46,194 വോട്ടുകള്‍ ലഭിച്ചു. 2011-ലെ പൊതുതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സമ്പാദ്യം 54,711 വോട്ടായിരുന്നു. രാഷ്ട്രീയ മത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നതെന്നും മണ്ഡലത്തില്‍ വീണ്ടും ചെങ്കൊടി പാറുമെന്നും ഇടതുമുന്നണി പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു. നഗരസഭയും അതിയന്നൂര്‍, ചെങ്കല്‍, കാരോട് എന്നീ ഗ്രാമപഞ്ചായത്തുകളും എല്‍ഡിഎഫാണ് ഭരിക്കുന്നത്. ഒബിസി മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രനാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ യുടെ നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ഥി. രാഷ്ട്രീയ സ്വയംസേവക് സംഘിലൂടെ പൊതുരംഗത്തെത്തിയ സുരേന്ദ്രന്‍ യുവമോര്‍ച്ചയിലും ബിജെപി യിലും വിശ്വഹിന്ദു പരിഷത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമാണ്. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗമായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പുഞ്ചക്കരി വാര്‍ഡില്‍ ഒരിക്കല്‍ മത്സരിച്ചു. ശക്തമായ ത്രികോണ മത്സരം നടന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി 30,507 വോട്ടുകള്‍ നേടി. മുന്‍കേന്ദ്രമന്ത്രി കൂടിയായ ഒ. രാജഗോപാലായിരുന്നു സ്ഥാനാര്‍ഥി. 2011- ലെ തെരഞ്ഞെടുപ്പില്‍ 6,730 വോട്ടായിരുന്നു ബിജെപി ക്ക് ലഭിച്ചത്. യുഡിഎഫിലെ സിറ്റിംഗ് എംഎല്‍എ യ്‌ക്കെതിരെ പൊരുതാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന എല്‍ഡിഎഫിന്റെയും എന്‍ഡിഎ യുടെയും പ്രതിയോഗികള്‍ക്ക് നിയമസഭയിലേയ്ക്കുള്ള കന്നിയങ്കമാണ്. പ്രതിസന്ധികളെ അതിജീവിച്ച് സീറ്റ് നിലനിറുത്താന്‍ യുഡിഎഫും മണ്ഡലം തിരിച്ചു പിടിക്കാന്‍ എല്‍ഡിഎഫും അട്ടിമറി പ്രതീക്ഷയില്‍ എന്‍ഡിഎ യും ഓരോ ചുവടും വളരെ സൂക്ഷ്മതയോടെ മുന്നോട്ടു വയ്ക്കുന്നു.

Related posts