തിരുവനന്തപുരം : കേരള സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന അവധിക്കാല സമ്മര്‍ സ്കൂള്‍ ക്യാമ്പ്-2016 ന് തുടക്കമായി. ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വായനയുടെ ലോകം സമ്മാനിക്കുന്ന അറിവ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്താണെന്നു ഗവര്‍ണര്‍ പറഞ്ഞു. ചെറുപ്പത്തില്‍ പുസ്തകങ്ങളിലൂടെ ലഭിക്കുന്ന അറിവ് നേട്ടങ്ങളുടെ വാതായനം തുറന്നു തരും. പഠനകാലം ആസ്വാദനത്തിന്റെ കാലമാക്കി മാറ്റണം. കളിയും ചിരിയും വായനയും കൂടി ചേരുമ്പോള്‍ പഠന ഭാരം ലഘൂകരിക്കാന്‍ കുട്ടികള്‍ക്കു കഴിയും.
കുട്ടികള്‍ക്ക് സമൂഹത്തെ കൂടുതല്‍ അറിയാനും നാളെയുടെ പ്രതീക്ഷകളായി വളരാനും ഇത്തരം ക്യാമ്പുകള്‍ സഹായകരമാകുമെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. എം.ആര്‍. തമ്പാന്‍ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍, സാഹിത്യകാരി റോസ്‌മേരി, സ്‌റ്റേറ്റ് ലൈബ്രേറിയന്‍ പി.കെ. ശോഭന, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഫിന്നി സക്കറിയ, സമ്മര്‍ സ്കൂള്‍ ക്യാമ്പ് ചെയര്‍മാന്‍ എം.ബി. ഗംഗാപ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉദ്ഘാടന ചടങ്ങിനു ശേഷം ഗിരീഷ് പുലിയൂരിന്റെ കവിതയുടെ ചൊല്ലിയാട്ടം, ആപ്റ്റ് തിരുവനന്തപുരം അവതരിപ്പിച്ച നാടന്‍ സംഗീതവിരുന്ന് എന്നിവ നടന്നു. മേയ് ആറിന് സമ്മര്‍ സ്കൂള്‍ ക്യാമ്പ് സമാപിക്കും .