ചങ്ങരംകുളം: റംസാനിലെ സമൂഹ നോമ്പുതുറകള്‍ സജീവമായി. റംസാന്‍ മാസമാകുന്നതോടെ പ്രദേശങ്ങളില്‍ വീടുകളും പള്ളികളും കേന്ദ്രീകരിച്ച് നടന്നിരുന്ന നോമ്പുതുറകളാണ് ഇന്ന് ജാതിമത ഭേദമന്യേ ക്ലബുകളുടെയും പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ സജീവമായിരിക്കുന്നത്. ചങ്ങരംകുളത്തിനടുത്ത് പള്ളിക്കരയില്‍ വേളയാട്ട് ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ഷം തോറും നോമ്പുതുറ നടത്താറുണ്ട്.
നൂറുകണക്കിന് ആളുകളാണ് ക്ഷേത്രക്കമ്മിറ്റി നടത്തുന്ന ഈ സമൂഹ നോമ്പുതുറയില്‍ പങ്കെടുക്കുക. നാട്ടില്‍ സാഹോദര്യവും സൗഹാര്‍ദവും നിറഞ്ഞ അന്തരീക്ഷങ്ങള്‍ നിലനിര്‍ത്താനും വരുംതലമുറകള്‍ അത്തരത്തിലുളള സൗഹാര്‍ദരീതി പിന്‍തുടരാനും ഇത്തരത്തിലുള്ള സമൂഹ നോമ്പുതുറകള്‍ കൊണ്ടു സാധിക്കുന്നു. നോമ്പ് തുറയ്ക്ക് ഏറ്റവും കൂടുതല്‍ ആവശ്യം വരുന്ന പഴവര്‍ഗങ്ങള്‍ക്കൂം പൊരി വര്‍ഗങ്ങള്‍ക്കും മലബാറില്‍ നല്ല ഡിമാന്‍ഡ് ആണ്. വിവിധയിനം പഴവര്‍ഗങ്ങളും, പൊരിവര്‍ഗങ്ങള്‍ക്കും പുറമെ, വിവിധയിനം ജ്യൂസുകളും, പായസങ്ങളും എല്ലാം നിറഞ്ഞ നോമ്പുതുറകള്‍ മലബാറുകാര്‍ക്ക് പുതുമയല്ലെങ്കിലും വിഭവങ്ങളില്‍ വരുന്ന പുത്തന്‍ മാറ്റങ്ങളെ തീന്‍മേശകളിലും ഒരുക്കാന്‍ മലബാറുകാര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
നോമ്പ് തുറയുടെ സ്‌പെഷല്‍ ഇനങ്ങളായ മുളക് ബജി, കായ ബജി ഇവയ്‌ക്കൊപ്പം വ്യത്യസ്തയിനം ചട്‌നികള്‍ കൂടാതെ വിവിധ കൂട്ടുകള്‍ നിറച്ച് സമൂസകള്‍, സേമിയ ഉപയോഗിച്ചുളള പായസങ്ങള്‍ക്ക് പുറമെ വിവിധയിനം പുതുമയേറിയ പായസങ്ങളും വൈവിധ്യമാര്‍ന്ന ജ്യൂസുകളും നോമ്പ് തുറകളില്‍ ലഭ്യമാണ്. നോമ്പ് കാലത്തെ പുണ്യം പങ്കുവയ്ക്കുക എന്നതിനപ്പുറത്ത് സൗഹാര്‍ദം നിലനിര്‍ത്താന്‍ ഇത്തരം സമൂഹ നോമ്പുതുറകളിലൂടെ കഴിയുന്നു.