സ്വന്തം ലേഖകന്‍
കൊച്ചി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ തൃശൂര്‍ പട്ടിക്കാട് പുളിയത്ത് വീട്ടില്‍ പ്രമോദിന്റെ ഭാര്യ സന്ധ്യ (27)യുടെ ആരോഗ്യനിലയില്‍ പുരോഗതി. സന്ധ്യയുടെ ശരീരം പുതിയ ഹൃദയവുമായി തൃപ്തികരമായി പ്രതികരിച്ചു തുടങ്ങിയതായും എറണാകുളം ലിസി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയ കാര്‍ഡിയാക് സര്‍ജന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അറിയിച്ചു. നാളെ വെന്റിലേറ്ററില്‍ നിന്നു മാറ്റും. ഒരാഴ്ച തീവ്രപരിചരണത്തില്‍ കിടത്തിയശേഷം മുറിയിലേക്കു മാറ്റാനാകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആകാംക്ഷയുടെയും കൂട്ടായ്മയുടെയും പ്രാര്‍ഥനകളുടെയും മണിക്കൂറുകള്‍ക്കൊടുവില്‍ ആകാശമാര്‍ഗമെത്തിച്ച പതിനഞ്ചുകാരന്റെ ഹൃദയം ഇന്നലെ ഉച്ചകഴിഞ്ഞാണു ശസ്ത്രക്രിയയിലൂടെ സന്ധ്യയുടെ ശരീരത്തില്‍ വച്ചുപിടിപ്പിച്ചത്. സംസ്ഥാനത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളുടെ ചരിത്രത്തില്‍ എറണാകുളം ലിസി ആശുപത്രി മറ്റൊരു സുവര്‍ണ അധ്യായം കൂടി എഴുതിച്ചേര്‍ക്കുകയായിരുന്നു.
ശസ്ത്രക്രിയ ഇന്നലെ ഉച്ചയ്ക്ക് 1.20ന് ആരംഭിച്ചു. വൈകുന്നേരം 3.40 ഓടെ പുതിയ ഹൃദയം സന്ധ്യയുടെ ശരീരത്തില്‍ സ്പന്ദിച്ചുതുടങ്ങി. വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം മുക്കോലി സതീശവിലാസത്തില്‍ സതീശന്‍നായരുടെ മകന്‍ വിശാലിന്റെ(15) ഹൃദയം നാവികസേനയുടെ ഡോണിയര്‍ വിമാനത്തിലാണു കൊച്ചിയിലെത്തിച്ചത്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ ലിസി ആശുപത്രിയില്‍ നിന്നുള്ള അഞ്ചു ഡോക്ടര്‍മാര്‍ എത്തിയാണു വിശാലിന്റെ ഹൃദയം വേര്‍പെടുത്തി വിമാനമാര്‍ഗം ലിസി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഡോ. ജേക്കബ് ഏബ്രഹാം, ഡോ. ജോ ജോസഫ്, ഡോ. മനോരസ് മാത്യു എന്നിവരാണു സംഘത്തിലുണ്ടായിരുന്ന മറ്റു ഡോക്ടര്‍മാര്‍. ലിസി ആസുപത്രിയില്‍ നിന്നുള്ള നഴ്‌സുമാരുടെ സംഘം നേരത്തെ മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നു. ഇന്നലെ രാവിലെ 7.15നു വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിയ ഡോക്ടര്‍മാരുടെ സംഘം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 9.30നു വിശാലിന്റെ ഹൃദയം വേര്‍പെടുത്തുന്നതിനുള്ള ശസ്ത്രക്രിയ തുടങ്ങി. 11.45ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. 12.20നു ഹൃദയവുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട വിമാനം 12.58നു കൊച്ചി നാവികസേന വിമാനത്താവളത്തില്‍ ലാന്‍ഡു ചെയ്തു.
പോലീസ് അകമ്പടിയോടെ 1.13നു ഹൃദയവുമായി ആംബുലന്‍സ് ലിസി ആശുപത്രിയിലെത്തി. വിമാനത്താവളം മുതല്‍ ആശുപത്രി വരെയുള്ള വഴികളില്‍ പോലീസ് ഗതാഗതം നിയന്ത്രിക്കാനുണ്ടായിരുന്നത് സഹായകമായി.
ഹൃദയം ചുരുങ്ങുന്ന കാര്‍ഡിയോ മയോപ്പതി എന്ന രോഗത്തെത്തുടര്‍ന്നു രണ്ടു മാസത്തോളമായി സന്ധ്യ ചികിത്സയിലായിരുന്നു. ഹൃദയം മാറ്റിവയ്ക്കാതെ ജീവന്‍ നിലനിര്‍ത്താന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ പതിനാലിനു ലിസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട സന്ധ്യ, ഹൃദയത്തിനായുള്ള കാത്തിരിപ്പിലായിരുന്നു.
തിങ്കള്‍ വൈകുന്നേരം അഞ്ചിനാണു ഹൃദയതാദാവിനെക്കുറിച്ചുള്ള അറിയിപ്പ്, അവയവദാനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള മൃതസഞ്ജീവനിയില്‍ നിന്ന് ആശുപത്രിയില്‍ ലഭിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം, എറണാകുളം ജില്ലാ കളക്ടര്‍മാര്‍ ഇടപെട്ടു, ഹൃദയമെത്തിക്കാന്‍ നാവികസേനയുടെ വിമാനം വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കി. ശസ്ത്രക്രിയയ്ക്കുശേഷം ഭര്‍ത്താവ് പ്രമോദ് സന്ധ്യയെ സന്ദര്‍ശിച്ചു.
നിര്‍ധനകുടുംബാംഗമായ സന്ധ്യയുടെ ചികിത്സയ്ക്കു ധനസമാഹരണത്തിനു നാട്ടുകാരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എസ്ബിഐ മണ്ണുത്തി ശാഖയില്‍ അക്കൗണ്ട് (അക്കൗണ്ട് നമ്പര്‍: 35920896975. ഐഎഫ്എസ്‌സി: ടആകച 0016494) ആരംഭിച്ചു. സന്ധ്യയുടെ ഭര്‍ത്താവ് പ്രദീപ് മരപ്പണിക്കാരനാണ്. എട്ടു മാസം പ്രായമുള്ള ഗൗതം ഏക മകനാണ്. പ്രസവം നടന്ന് ആഴ്ചകള്‍ക്കുള്ളിലാണു സന്ധ്യയുടെ ഹൃദയത്തിന്റെ തകരാര്‍ തിരിച്ചറിഞ്ഞത്.
2015 ജൂലൈ 24നു തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളജില്‍ മസ്തിഷ്ക മരണം സംഭവിച്ച നീലകണ്ഠശര്‍മയുടെ ഹൃദയം വേര്‍പെടുത്തി ആകാശമാര്‍ഗം ലിസി ആശുപത്രിയിലെത്തിച്ചിരുന്നു. അന്നു ഹൃദയം സ്വീകരിച്ച ചാലക്കുടി സ്വദേശി മാത്യു ആച്ചാടന്‍ ഇപ്പോള്‍ സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തി.