റെനീഷ് മാത്യു
കണ്ണൂര്‍: കണ്ണൂരില്‍ പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ ഹൈടെക് പ്രചാരണത്തിനു വേണ്ടി വാര്‍ റൂം ഒരുങ്ങി. ബീഹാറില്‍ നിതീഷ് കുമാറിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച പ്രശാന്ത് കിഷോറിന്റെ ഐ-പാക്ക് (ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി) മായി കേരളത്തില്‍ അസോസിയേറ്റു ചെയ്തു പ്രവര്‍ത്തിക്കുന്ന ചാണക്യ സെന്റര്‍ ഫോര്‍ സോഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന സ്ഥാപനമാണ് രാഷ്ട്രീയപാര്‍ട്ടിക്കുവേണ്ടി പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലത്തില്‍ ഒരു പ്രമുഖ രാഷ്ട്രീയപാര്‍ട്ടിക്കു വേണ്ടി സ്ഥാനാര്‍ഥി നിര്‍ണയത്തിനായി പ്രീ-സര്‍വേ ഇവര്‍ നടത്തിക്കഴിഞ്ഞു.
കെ. സുധാകരന്‍ മത്സരിക്കാന്‍ കണ്ണൂരില്‍ നിന്നും കാസര്‍ഗോഡ് ജില്ലയിലെ ഉദുമയിലേക്ക് മാറുന്നതിന് മുമ്പേ സുധാകരനു വേണ്ടി കണ്ണൂരും ഉദുമയിലും ഇവര്‍ സര്‍വേ നടത്തിയിരുന്നു. തുടര്‍ന്ന് കണ്ണൂരിനെക്കാള്‍ വിജയ സാധ്യത ഉദുമയിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുധാകരന്‍ ഉദുമയിലേക്ക് മാറിയത്.കണ്ണൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷിനു വേണ്ടിയുള്ള പ്രചാരണവും ചാണക്യ സെന്ററായിരുന്നു. ഇവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള പ്രചാരണത്തില്‍ രാഗേഷിന് അട്ടിമറി വിജയം നേടുവാന്‍ സാധിച്ചു.
കണ്ണൂര്‍ ജില്ലയിലെ മണ്ഡലത്തിനുള്ളിലെ യുവവോട്ടര്‍മാരെ ലക്ഷ്യം വച്ചാണ് ഡിജിറ്റല്‍ പ്രചാരണം നടത്തുന്നത്. പുതിയ വോട്ടര്‍പട്ടിക പ്രകാരം 15,000 യുവവോട്ടര്‍മാരാണ് ഓരോ മണ്ഡലത്തിലെയും പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. പലരുടെയും വിജയം തീരുമാനിക്കുന്നത് 2000 മുതല്‍ 5000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. അതിനാല്‍ യുവവോട്ടര്‍മാരെ ലക്ഷ്യം വച്ചാണ് തങ്ങളുടെ പ്രചാരണങ്ങളെന്ന് ചാണക്യസെന്ററിന്റെ പോള്‍ സ്ട്രാറ്റജിസ്റ്റ് ആദില്‍ സാദിഖ് പറഞ്ഞു.
പ്രചാരണം നടത്തുന്ന മണ്ഡലങ്ങളില്‍ വാര്‍ റൂം സ്ഥാപിക്കലാണ് പ്രാഥമിക നടപടി. ഐടി വിദഗ്ധരാണ് ഇവിടെ ജോലി ചെയ്യുന്നത്. സ്ഥാനാര്‍ഥികള്‍ക്കായി സോഷ്യല്‍മീഡിയയിലൂടെ ഡിജിറ്റല്‍ പ്രചാരണത്തിന് പുറമെ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് കൂട്ടായ്മകള്‍ സജീവമാക്കുക, ദിനം പ്രതി സ്ഥാനാര്‍ഥികളുടെ പ്രചാരണപരിപാടികള്‍ അവലോകനം ചെയ്യുക, സ്ഥാനാര്‍ഥികള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് വാര്‍ത്തകള്‍ വരുമ്പോള്‍ അതിനെതിരേ കൗണ്ടര്‍ വാര്‍ത്തകള്‍ നല്കുക തുടങ്ങിയവയാണ് വാര്‍ റൂമിന്റെ ചുമതലകള്‍. സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ വാര്‍ റൂമിന്റെ കീഴില്‍ പ്രത്യേക റിസര്‍ച്ച് വിംഗിനെയും രൂപീകരിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ റിസര്‍ച്ച് വിംഗ് മേധാവിയായി പി.കെ. തന്‍വീറും പോളിസി അഡ് വൈസറായി നൗഷന്‍ കുഞ്ഞബ്ദുള്ളയും പ്രവര്‍ത്തിക്കുന്നു.