കോതമംഗലം: അമ്മ ഹോം വര്‍ക്ക് ചെയ്യാന്‍ പറഞ്ഞതിൽ പിണങ്ങി വീടുവിട്ടിറങ്ങിയ ആറാം ക്ലാസ് വിദ്യാർഥി കാട്ടിൽ അകപ്പെട്ടത് ആറു മണിക്കൂർ. പിന്നീട് ആറുകിലോമീറ്റർ ദൂരെ വനത്തിൽ നിന്ന് രാത്രി കണ്ടെത്തി. ഇടുക്കി കീരിത്തോടാണ് ഒരു നാടിനെ മുൾമുനയിലാക്കിയ സംഭവം.
ആറാം ക്ലാസിലാണ് വിദ്യാർഥി പഠിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസില്‍ പഠിപ്പിച്ച പാഠഭാഗം ഹോം വര്‍ക്ക് ചെയ്യാന്‍ അമ്മ കുട്ടിയോട് ആവശ്യപ്പെട്ടതിലെ ഇഷ്ടക്കേടും ദേഷ്യവുമാണ് വീടുവിട്ടിറങ്ങാൻ കാരണമെന്നാണറിയുന്നത്.
ഇന്നലെ വൈകുന്നേരം മൂന്നരയോടെ ഹോം വര്‍ക്ക് ചെയ്യാന്‍ നിർദേശിച്ച് വീട്ടുജോലികൾ ചെയ്യുകയായിരുന്ന മാതാവ് അല്‍പ്പം കഴിഞ്ഞ് നോക്കിയപ്പോള്‍ കുട്ടിയെ വീട്ടില്‍ കണ്ടില്ല. പരിസരത്ത് മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കൂട്ടുകാരുടെ അടുത്ത് തെരക്കിയപ്പോള്‍ അവിടെയും ചെന്നിട്ടില്ല. തുടർന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പോലീസും വനപാലകരും അഗ്നിരക്ഷാസേനയും പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും അടങ്ങിയ സംഘം കാട്ടിലേക്ക് തെരച്ചില്‍ വ്യാപിപ്പിക്കുകയായിരുന്നു. ഇരുട്ട് പരന്നതോടെ തെരച്ചിലിനും ബുദ്ധിമുട്ടായി. അന്വേഷണത്തിനിറങ്ങിയവർ കാടിന്റെ മുക്കുംമൂലയും പരിശോധിച്ചു. ഉച്ചത്തില്‍ കുട്ടിയുടെ പേര് ചൊല്ലി വിളിച്ചു കൊണ്ടാണ് കാട്ടിൽ തെരഞ്ഞത്.
കുട്ടിയുടെ വീട്ടിൽ നിന്ന് ഏകദേശം ആറുകിലോമീറ്റർ ദൂരെ നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ നഗരമ്പാറ സ്റ്റേഷന്‍പരിധിയില്‍ ആറാം കൂപ്പിന് സമീപം പാംബ്ല തേക്കും പ്ലാന്റേഷനിൽ തെരയുന്നതിനിടെ കുട്ടി വിളി കേട്ടു. ശബ്ദം കേട്ട ഭാഗത്ത് പരിശോധിച്ചപ്പോഴാണ് ഒരു പാറപ്പുറത്ത് അള്ളിപ്പിടിച്ച് ഇരുന്ന നിലയില്‍ കുട്ടിയെ കണ്ടത്.
കൈവിട്ടാല്‍ താഴേക്ക് പതിച്ച് ജീവാപായം സംഭവിക്കാവുന്ന അവസ്ഥയിലായിരുന്നു കുട്ടി ഇരുന്നിരുന്നത്. കൂരിരുട്ടത്ത് പാറമുകളിൽ ഇരുന്ന് ഭയന്ന് നിലവിളച്ചിരിക്കുകയായിരുന്ന കുട്ടിയെ വനപാലകര്‍ സാഹസികമായാണ് താഴേയിറക്കിയത്. കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി.