15 കോല്‍ താഴ്ചയില്‍ നിന്നു ജീവിതത്തിലേക്ക്; സോനാമോള്‍ക്കിതു പുനര്‍ജന്മം; കിണറ്റിലേക്ക് വീണത് വെള്ളംകോരാന്‍ നടത്തിയ ശ്രമത്തിനിടയില്‍

sonaകുറവിലങ്ങാട്: വലിയൊരു ശബ്ദവും മകളുടെ നിലവിളിയും കേട്ടാണ് മുറ്റമടിച്ചുകൊണ്ടുനിന്ന വിനീഷയുടെ ശ്രദ്ധ തിരിഞ്ഞത്. നാലുവയസുകാരി സോനാമോളുടെ കരച്ചില്‍ കേള്‍ക്കുന്നുണെ്ടങ്കിലും മകളെ അരികത്തെങ്ങും കാണാനുമില്ല. കരച്ചില്‍ ശക്തമായി വീണ്ടുമെത്തിയതോടെയാണ് അമ്മ വിനീഷയുടെ ശ്രദ്ധ മുറ്റത്ത് ചുറ്റുമതിലില്ലാത്ത കിണറ്റിലേക്ക് എത്തിയത്. നോക്കിയപ്പോള്‍ 15 കോലോളം താഴ്ചയുള്ള, പാറ നിറഞ്ഞ കിണറിന്റെ അടിയില്‍ സോനാമോള്‍ പരിഭ്രാന്തയായിനിന്ന് കരയുന്നു. ഭര്‍ത്താവ് ഷിജു രാവിലെ കൂലിപ്പണിക്ക് പോയതിനാല്‍ എന്തുചെയ്യണമെന്നറിയാത്ത വിനീഷയുടെ തേങ്ങല്‍കേട്ട് നാട്ടുകാര്‍ ഓടിയെത്തി. ഒന്നിനുപിറകെ ഒന്നായി ഓടിയെത്തിയ നാട്ടുകാരില്‍ പ്ലാക്കിയില്‍ സിബി കയറില്‍ തൂങ്ങി കിണറ്റിലിറങ്ങി കുട്ടിയെ എടുത്തുപിടിച്ച് ആശ്വസിപ്പിച്ചു. പിന്നീടെത്തിയവരുടെ സഹായത്തോടെ കുട്ടിയുമായി സിബി കരയ്‌ക്കെത്തുകയായിരുന്നു.

ഇത്രയും ആഴമുള്ള കല്ലുനിറഞ്ഞ കിണറ്റില്‍ വീണ സോനാമോള്‍ക്ക് കൈയ്ക്ക് ചെറിയ പൊട്ടലുണ്ടായതൊഴിച്ചാല്‍ ഒന്നും സംഭവിക്കാതിരുന്നത് അദ്ഭുതമാണെന്നാണ് എല്ലാവരുടെയും സാക്ഷ്യം. കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലെത്തിച്ച സോനായുടെ കൈയ്ക്ക് പ്ലാസ്റ്ററിട്ട് തിരികെ വീട്ടിലേക്ക് അയച്ചു. കിണറ്റില്‍ വീണതിന്റെ ഗൗരവമോ നാട്ടുകാരെ ഭയപ്പെടുത്തിയ സാഹചര്യങ്ങളോ ഒന്നും അവളുടെ കുഞ്ഞുമുഖത്ത് കാണാനില്ല. അമ്മയുടെ ഒക്കത്തിരുന്ന് ചേച്ചി രണ്ടാംക്ലാസുകാരി ശ്രീക്കുട്ടിയോടും ഒന്നരവയസുകാരി അനുജത്തി സ്‌നേഹയോടും അവള്‍ സാധാരണപോലെ സംസാരിക്കുന്നു.

കാളിയാര്‍തോട്ടം എന്‍എസ് വായനശാലയ്ക്ക് സമീപം പതിയാമറ്റത്തില്‍ കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ വാടകതാമസക്കാരാണ് ഇടുക്കി വിമലഗിരി തോട്ടപ്പള്ളില്‍ ഷിജു-വിനിഷ ദമ്പതികളുടെ കുടുംബം. വീട്ടുമുറ്റത്തെ കിണറിന്റെ കപ്പിയില്‍ തൂക്കിയിട്ടിരുന്ന കയറില്‍ പിടിച്ച് തൊട്ടി കിണറിലേക്കിട്ട് വെള്ളംകോരാന്‍ നടത്തിയ ശ്രമത്തിനിടയിലാണ് സോനാമോള്‍ കിണറ്റിലേക്ക് വീണത്.

Related posts