കായംകുളം: നഗരസഭാ പരിധിയില്‍ വഴിവിളക്കുകള്‍ കത്തിക്കാന്‍ നഗരസഭാ ഭരണ നേതൃത്വം നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കായംകുളം നഗരസഭ ഉപരോധിച്ചു. കഴിഞ്ഞ ഫെബ്രുവരി 11നു കാലാവധി കഴിഞ്ഞ സ്ട്രീറ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണിയുടെ കരാര്‍ പുതുക്കി തുടര്‍ നടപടി സ്വീകരിക്കാന്‍ പോലും നഗരസഭാ ഭരണനേതൃത്വത്തിനു കഴിഞ്ഞില്ലെന്നു് യുഡിഎഫ് ആരോപിച്ചു. കേവലഭൂരിപക്ഷമില്ലാതെ ഭരണത്തില്‍ തുടരുന്ന എല്‍ഡി എഫ് ഭരണത്തിനെതിരെ മേയ് 18നു അവിശ്വാസം കൊണ്ടുവരുമെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഗായത്രി തമ്പാന് പറഞ്ഞു.
വ്യാജ പ്രസ്താവനകള്‍ നടത്തുന്നതല്ലാതെ യാതൊരു വികസന പ്രവര്‍ത്തനങ്ങളും നഗരസഭയില്‍ നടക്കുന്നില്ല ജില്ലയില്‍ ഏറ്റവും കുറവ് പദ്ധതി പണം ചിലവഴിച്ചത് കായംകുളം നഗരസഭയാണന്നും യുഡിഎഫ് കുറ്റപ്പെടുത്തി. ഉപരോധ സമരത്തിന് കൗണ്‍സിലര്‍ ഗായത്രി തമ്പാന്, ഷീബ ദാസ്, നവാസ്, എ. ഇര്‍ഷാദ്, കരുവില്‍ നിസാര്‍, കാവില്‍ നിസാം, തുടങ്ങിയവര്‍ നേതൃത്വം നല്കി.