ഭോപ്പാൽ: ഭോപ്പാലിലെ സ്വകാര്യ ഹോസ്റ്റൽ ഉടമ ആറു മാസം തടങ്കലിൽവച്ച് പീഡിപ്പിച്ചെന്ന് പരാതിയുമായി ഒരു യുവതി കൂടി രംഗത്ത് വന്നു. നാലാമത്തെ യുവതിയാണ് ഹോസ്റ്റൽ ഉടമയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തുന്നത്. കഴിഞ്ഞ ആഴ്ച ബധിരയും മൂകയുമായ യുവതി പീഡനം വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നു പേർ കൂടി പീഡനം തുറന്നുപറഞ്ഞിരിക്കുന്നത്.
യുവതികളുടെ പരാതിയിൽ ഡയറക്ടർ അശ്വിനി ശർമയെ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിച്ച് ആറു മാസത്തോളം പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇയാളുടെ ആവശ്യങ്ങൾക്കു സമ്മതിക്കാതെ വന്നപ്പോൾ ക്രൂരമായി മർദിച്ചതായും ധാർ ജില്ല സ്വദേശിനിയായ പെൺകുട്ടി പറയുന്നു.
അശ്വിനി ശർമയ്ക്കു ബിജെപിയുമായി അടുത്ത ബന്ധമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ആർഎസ്എസ് പ്രവർത്തകനാണ് അശ്വിനി ശർമയെന്നു കോൺഗ്രസ് വക്താവ് ശോഭാ ഓസ പറഞ്ഞു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനൊപ്പം അശ്വിനി ശർമ നിൽക്കുന്ന ചിത്രവും കോൺഗ്രസ് പുറത്തുവിട്ടു.