ഉദ്ഘാടനം കഴിഞ്ഞിട്ടും തുറക്കാതെ മത്സ്യ മാര്‍ക്കറ്റ്, പാഴാവുന്നത് കോടികള്‍

tcr-fishവടക്കാഞ്ചേരി: ഓട്ടുപാറ സെന്ററില്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് പുതുതായി നിര്‍മിച്ച ആധുനിക മത്സ്യമാര്‍ക്കറ്റ് ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴുമാസം കഴിഞ്ഞിട്ടും  ഒരു സ്റ്റാളുപോലും തുറക്കാന്‍ കഴിയാതെ അടഞ്ഞു കിടക്കുന്നു. ഒരുകോടി മൂന്നുലക്ഷം രൂപ ചെലവിലാണ് കഴിഞ്ഞവര്‍ഷം  സെപ്റ്റംബര്‍ 25-ന്  ഫിഷറീസ് മന്ത്രി കെ. ബാബു മത്സ്യമാര്‍ക്കറ്റിന്റെ ഉദ്ഘാടനം നടത്തിയത്. എന്നാല്‍ ഇപ്പോള്‍ കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്.

വടക്കാഞ്ചേരി പഞ്ചായത്ത് ഇല്ലാതാവുകയും നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെടുകയും ചെയ്തതോടെ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനവും അവതാളത്തിലാകുകയായിരുന്നു. അതിനിടെ മലിനജലം സംസ്കരിക്കുന്നതിനുള്ള പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാകാത്തതാണ് മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് തടസമാകുന്നതെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു സുബ്രഹ്മണ്യന്‍ അറിയിച്ചു. ഇനിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് പുതിയ നഗരസഭ ഭരണാധികാരികളാണെന്നും സിന്ധു പറഞ്ഞു. ഉദ്ഘാടന സമയത്ത് കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുവരെ പൊട്ടിതാഴെ വീണു.

മാര്‍ക്കറ്റിനോട് ചേര്‍ന്ന് പണി കഴിപ്പിച്ച ശുചീകരണ മുറികളുടെ പൂട്ട് തകര്‍ത്ത് സാമൂഹ്യവിരുദ്ധര്‍ കൈയടക്കിയിരിക്കുകയാണ്. ഈ മുറികളില്‍ മദ്യകുപ്പികള്‍ നിറഞ്ഞുകിടക്കുകയാണ്. കെട്ടിടത്തിലെ  ടൈല്‍സുകളും ക്ലോസെറ്റുകളും തകര്‍ന്ന നിലയിലാണ്. ദിവസവും പുലര്‍ച്ചെ സമീപത്തെ മത്സ്യത്തൊഴിലാളികളുടെ മീന്‍ ഇറക്കുന്നതിനും മൊത്തകച്ചവടത്തിനും മാത്രമാണ് ഇപ്പോള്‍ ഈ സ്ഥലം ഉപയോഗിക്കുന്നത്. വടക്കാഞ്ചേരിയില്‍ വഴിയോരത്ത് മത്സ്യക്കച്ചവടം നടത്തുന്നവരെ ഒരുകുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി കൊണ്ടുവന്ന കെട്ടിടമാണ് ആരും തിരിഞ്ഞുനോക്കാതെ നശിച്ചുകൊണ്ടിരിക്കുന്നത്.

Related posts