ഒറ്റപ്പാലം: ഒറ്റപ്പാലം, പട്ടാന്പി താലൂക്കുകളിൽ കുടിവെള്ളവിതരണം, വൈദ്യുതിബന്ധങ്ങൾ പുനഃസ്ഥാപിക്കൽ വൈകാൻ സാധ്യത. കനത്തമഴമൂലം വൈദ്യുതികന്പികൾ പൊട്ടി വീടും വൈദ്യുതിപോസ്റ്റുകളും ട്രാൻസ്ഫോർമറുകളും തകർന്നതാണ് കുടിവെള്ളവിതരണവും വൈദ്യുതിയും ഇല്ലാതാകാൻ പ്രധാനകാരണം.
വെള്ളപ്പൊക്കത്തിൽ പന്പുഹൗസുകളും അനുബന്ധ സാങ്കേതിക സാമഗ്രികളും വ്യാപകമായി നശിച്ചു. ഇവ പുനഃസ്ഥാപിക്കാനുള്ള നെട്ടോട്ടത്തിലാണ് അധികൃതർ. വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചാൽ മാത്രമേ കുടിവെള്ളവിതരണം കാര്യക്ഷമമാക്കാനാകൂ. ഇപ്പോഴത്തെ സ്ഥിതിയിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കലും കുടിവെള്ളവിതരണം മുന്പത്തേതുപോലെ നടപ്പാക്കാനും ഇനിയും ദിവസങ്ങളെടുക്കും.
പന്പുഹൗസുകൾക്കൊപ്പം ട്രാൻസ്ഫോർമറുകളും മറിഞ്ഞുവീണത് അധികൃതരെ വെട്ടിലാക്കി. ട്രാൻസ്ഫോർമറുകളുടെ പുനർനിർമാണത്തിനു മതിയായ തോതിൽ തൊഴിലാളികളില്ലാത്തതും മുഖ്യപ്രശ്നമാണ്. പന്പുഹൗസുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പന്പിംഗുമായി ബന്ധപ്പെട്ട സാങ്കേതിക ഉപകരണങ്ങൾ നശിക്കുകയും ചെയ്തു.
നിലവിൽ ഭാരതപ്പുഴയെ ആശ്രയിച്ചുള്ള പന്പുഹൗസുകൾ പൂർണമായും നിഷ്ക്രിയമാണ്. ട്രാൻസ്ഫോർമറുകളുടെ തകർച്ചയാണ് കഐസ്ഇബിയുടെ വെല്ലുവിളി. ഇതിനു പുറമേ വേണ്ടത്ര തൊഴിലാളികൾ ഇല്ലാത്തതും പ്രവൃത്തികളെ പിറകോട്ടടിക്കുന്നു.