കണ്ണൂർ: മാധ്യമപ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കണ്ണൂരിൽ വൻ കവർച്ച. മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ ന്യൂസ് എഡിറ്റർ കെ. വിനോദ് ചന്ദ്രന്റെ വീട്ടിലാണു കവർച്ച നടന്നത്.
വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും കവർച്ചക്കാർ ആക്രമിച്ച് പരിക്കേൽപ്പിച്ചശേഷം സ്വർണവും പണവും എടിഎം കാർഡുകളും ഗൃഹോപകരണങ്ങളും കവരുകയായിരുന്നു. ഇന്നു പുലർച്ചെ 2.15 ഓടെ വിനോദ് ചന്ദ്രൻ താമസിക്കുന്ന കണ്ണൂർ താഴെചൊവ്വയിലെ വീട്ടിലായിരുന്നു സംഭവം.
നാലംഗസംഘം വാതിൽ തകർത്ത് അകത്തുകയറുകയായിരുന്നു. മുൻവശത്തെ വാതിൽ തകർക്കുന്ന ശബ്ദം കേട്ട് വിനോദ്ചന്ദ്രനും ഭാര്യയും ഹാളിലേക്ക് ഇറങ്ങിവരികയും കവർച്ചാസംഘം ഇവരെ ആക്രമിക്കുകയുമായിരുന്നു. അക്രമിച്ചശേഷം ഇരുവരെയും വീടിനുള്ളിൽ കെട്ടിയിട്ടു. ഇതിനിടെ കവർച്ചാസംഘം വിനോദ് ചന്ദ്രനെ ക്രൂരമായി മർദിക്കുകയും ചെയ്തു.
തുടർന്നു കിടപ്പുമുറിയിൽ കടന്ന കവർച്ചാസംഘം അലമാര കുത്തിത്തുറന്ന് 25 പവൻ സ്വർണവും 15,000 രൂപയും കവരുകയായിരുന്നു. കൂടാതെ ലാപ്ടോപ്പ്, മൊബൈൽഫോണുകൾ, ഗൃഹോപകരണങ്ങൾ, എടിഎം കാർഡുകൾ എന്നിവയും കവർന്നു.
കവർന്ന സാധനങ്ങൾ വാഹനത്തിലാണ് കടത്തിയത്. ഒരുമണിക്കൂറോളം കവർച്ചാസംഘം വീടിനുള്ളിൽ കഴിഞ്ഞിരുന്നു. ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളാണ് ഇവർ സംസാരിച്ചിരുന്നത്. അക്രമികൾ മുഖം മറച്ചിരുന്നു. വിനോദ് ചന്ദ്രന്റെയും ഭാര്യയുടെയും കെട്ടഴിക്കാതെയാണ് കവർച്ചാസംഘം പോയത്.
ഇതിനിടെ ഏറെ പരിശ്രമത്തിനു ശേഷം വിനോദ് ചന്ദ്രൻ സ്വന്തം കെട്ടഴിക്കുകയും ഓഫീസിലേക്ക് വീട്ടിലെ ലാൻഡ് ഫോണിൽ നിന്നും ഫോൺ ചെയ്യുകയും ഓഫീസിൽ നിന്നു കണ്ണൂർ സിറ്റി പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. സിറ്റി പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും കണ്ണൂർ എകെജി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റി.
വിവരമറിഞ്ഞ് കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, കണ്ണൂർ സിറ്റി സിഐ പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി. ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്ത് എത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.കണ്ണൂർ നഗരത്തിലും പരിസരങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങളും സിറ്റി സിഐയുടെ നേതൃത്വത്തിൽ പരിശോധിച്ചുവരികയാണ്.