കോട്ടയം: ഒപ്പം തുടങ്ങി, പിന്നീട് ഇരുവരും വ്യത്യസ്ത ക്വട്ടേഷൻ ഏറ്റെടുത്തതോടെ ശത്രുക്കളായവർ ഇപ്പോൾ കോട്ടയം നഗരത്തെ വിറപ്പിക്കുന്നു. കഴിഞ്ഞ ദിവസം എക്സൈസ് സംഘത്തെ ആക്രമിച്ച സംഘവും കോട്ടയത്ത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഘവും മുന്പ് ഒരേസംഘത്തിൽപ്പെട്ടവരായിരുന്നു.
ഇരുവർക്കും കറുകച്ചാലിലും കോട്ടയത്തുമുള്ള രണ്ടു രാഷ്ട്രീയക്കാരും ഏറ്റുമാനൂരമുള്ള ഒരു ബ്ലേഡുകാരനുമാണു സാന്പത്തിക സഹായം നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കോട്ടയത്ത് വെട്ടേറ്റ യുവാവുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യത്യസ്ത ക്വട്ടേഷൻ ഏറ്റെടുത്തതോടെ ആക്രമണവിഷയങ്ങളിൽ വഴിപിരിയുകയും ചെയ്തു.
താഴത്തങ്ങാടിയിലുള്ള ഒരാൾ നൽകിയ ക്വട്ടേഷൻ കോട്ടയത്തെ യുവാവ് വഴി അലോട്ടി ഏറ്റെടുക്കുകയും ചെയ്തതോടെ വിനീതും അലോട്ടിയും ശത്രുക്കളായി. ഇതാണു കഴിഞ്ഞ ദിവസങ്ങളിലെ ആക്രമങ്ങളിലേക്കു കടന്നത്. കോട്ടയത്തെ കഞ്ചാവ് മാഫിയകളെ നിയന്ത്രിച്ചിരുന്നത് അലോട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ്.
എന്നാൽ ഇവരെ ഒറ്റുകൊടുക്കാനുള്ള വിനീതിന്റെ ശ്രമങ്ങളെ കോട്ടയത്തെ യുവാവ് മറ്റൊരു കഞ്ചാവ് കച്ചവടത്തിന്റെയും ആക്രമണത്തിന്റെയും പേരിൽ എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ കൈമാറുകയായിരുന്നു. ഇത് വിനീത് സഞ്ജയനെ പ്രകോപിപ്പിച്ചതായി പോലീസ് പറഞ്ഞു. ഇത് വീട് കയറിയുള്ള ആക്രമണങ്ങളിലേക്കു മാറി.
ഒരൊറ്റ രാത്രികൊണ്ടു നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും യുവാവിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത ഗുണ്ടകളെ പോലീസ് നടത്തിയ അന്വേഷണത്തിനിടെ അറസ്റ്റ് ചെയ്തു. വടിവാൾ വീശുകയും ബോംബ് എറിയുമെന്നു ഭീഷണി മുഴക്കുകയും ചെയ്ത പ്രതികളെ ബലം പ്രയോഗിച്ചാണു പോലീസ് കീഴടക്കിയത്.
അയ്മനം മാങ്കീഴിപ്പടിയിൽ വിനീത് സഞ്ജയൻ(30), അയ്മനം പൂന്ത്രക്കാവ് തെക്കേച്ചിറ സച്ചിൻ കുമാർ(23), ആർപ്പൂക്കര വില്ലൂന്നി വെട്ടൂർക്കവലയിൽ അത്താഴപ്പാടം നിഷാദ് തന്പി (35) എന്നിവരെയാണ് ഡിവൈഎസ്പി ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം കറുകച്ചാലിൽനിന്നും അറസ്റ്റു ചെയ്തത്.
ബുധനാഴ്ച രാത്രിയിലാണു വിനീതിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം നഗരത്തിലും പരിസരത്തും അഴിഞ്ഞാടിയത്. സംഭവത്തിനുശേഷം ഓട്ടോറിക്ഷയിൽ കറുകച്ചാൽ ഭാഗത്തേക്കാണു പ്രതികൾ രക്ഷപെട്ടത്. ഇവിടെ മയിൽപ്പീലിക്കാവിൽ മലയുടെ മുകളിൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നു. വിനീതിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം ഇവിടെയുള്ളതായി ജില്ലാ പോലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖിനു രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇവരെ വൻ സന്നാഹത്തോടെ പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു. കോട്ടയം നഗരത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചസംഘം തിരുവാർപ്പിൽ വീടിനുനേരെ പടക്കബോംബെറിയുകയും മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തിയ യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്ത കേസിലാണു ഇവര അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം എക്സൈസ് സംഘത്തെ ആക്രമിച്ചു കടന്നുകളഞ്ഞ ആർപ്പുക്കര കോലേട്ടന്പലത്തിനുസമീപമുള്ള ജയ്സ് മോന്റെ(അലോട്ടി 26) നേതൃത്വത്തിലുള്ള സംഘത്തിനെതിരെ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ആർപ്പുക്കര കോലേട്ടന്പലത്തിനുസമീപം കഞ്ചാവ് കച്ചവടം, എക്സൈസ് സംഘത്തെ ആക്രമിക്കൽ, പുതുപ്പള്ളി ഷാപ്പിൽ ആക്രമണം തുടങ്ങിയ കേസുകളാണു ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.