ഷൊര്‍ണൂര്‍: വേനലിന്റെ വറുതിയില്‍ വലയുന്ന ഷൊര്‍ണൂരിന്റെ ദാഹമകറ്റാന്‍ ടാങ്കര്‍ലോറികളില്‍ റവന്യൂവകുപ്പ് കുടിവെള്ളവിതരണം തുടങ്ങി. നഗരസഭയുടെ മുഴുവന്‍ പ്രദേശങ്ങളിലും ഒന്നിടവിട്ട ദിവസങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിനു നടപടി തുടങ്ങി. അതിരൂക്ഷമായ ജലക്ഷാമമാണ് ഷൊര്‍ണൂര്‍ നഗരസഭാ പ്രദേശത്ത് അനുഭവപ്പെടുന്നത്. മൂന്നു ടാങ്കര്‍ ലോറികളിലാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ഒറ്റപ്പാലം ജലഅഥോറിറ്റിയുടെ ശുദ്ധീകരണ പ്ലാന്റില്‍നിന്ന് ശേഖരിക്കുന്ന വെള്ളമാണ് കുടിവെള്ളമായി എത്തിക്കുന്നത്.
കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടുന്നതുവരെ ടാങ്കര്‍ ലോറികള്‍ വഴി വെള്ളമെത്തിക്കുന്നതിനു നടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.വിമല പറഞ്ഞു.ഒന്നിടവിട്ട ദിവസങ്ങളില്‍ നഗരസഭയിലെ 33 വാര്‍ഡുകളിലും വെള്ളം വിതരണം ചെയ്യും. ഇനിമുതല്‍ നാലു വാഹനങ്ങളില്‍ വെള്ളം വിതരണത്തിനെത്തും. കുടിവെള്ളം ലഭിക്കാതെ ഷൊര്‍ണൂര്‍ മേഖലയില്‍ വ്യാപക വറുതിയാണ്. ഇതിന് ടാങ്കര്‍വെള്ളം ആശ്വാസകരമാണ്.
മലമ്പുഴ ഡാമില്‍നിന്നു ലഭിച്ച വെള്ളം ഉപയോഗിച്ചും പുഴയില്‍ ചാലെടുത്തും കുഴി കുഴിച്ചുമെല്ലാമാണ് കുടിവെള്ളശേഖരണത്തിന് സാഹചര്യമൊരുക്കിയിരുന്നത്. എന്നാല്‍ ഇതൊന്നും ഷൊര്‍ണൂരിന്റെ ദാഹമകറ്റുന്നതിന് പര്യാപ്തമല്ലെന്നിരിക്കേ നഗരഭരണകൂടം ജില്ലാ കളക്ടറെ കണ്ട് നടത്തിയ ശക്തമായ സമ്മര്‍ദമാണ് ടാങ്കറുകളില്‍ വെള്ളമെത്തിക്കുന്നതിനുള്ള സാഹചര്യമൊരുക്കിയത്.
ഇലക്്ഷന്‍ പ്രഖ്യാപിച്ചതുമൂലം നഗരസഭയ്ക്ക് നേരിട്ടു ജലവിതരണം ചെയ്യുന്നതിനു പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതു മറികടക്കാന്‍ റവന്യൂവകുപ്പ് ടെണ്ടര്‍ നടത്തിയാണ് ടാങ്കറുകളില്‍ വെള്ളമെത്തിക്കാന്‍ നടപടി ആവിഷ്കരിച്ചത്. അതേസമയം ഷൊര്‍ണൂരില്‍ ആവശ്യത്തിന് ഭാരതപ്പുഴയില്‍ വെള്ളമുണ്ട്. മലമ്പുഴ ഡാമില്‍നിന്നും ലഭിച്ച ജലസമൃദ്ധിയാണിത്.