കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു തലശേരി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എ.പി.അബ്ദുള്ളക്കുട്ടിയുടെ തുറന്ന കത്ത്. സ്ഥാനാര്‍ഥിയെന്ന നിലയില്‍ സ്വതന്ത്രമായ പ്രവര്‍ത്തനത്തിനു സിപിഎം പ്രവര്‍ത്തകര്‍ നിരന്തരമായി തടസം സൃഷ്ടിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു കത്ത്. തലശേരിയില്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ ഞാന്‍ കഴിഞ്ഞ നിയമസഭയിലെ ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും കൂടിയാണു കത്തെഴുതുന്നതെന്ന ആമുഖത്തോടെയാണ് അബ്ദുള്ളക്കുട്ടി തുടങ്ങുന്നത്.
പ്രചാരണ സാമഗ്രികള്‍ നശിപ്പിക്കുക, സ്ഥാപനങ്ങളില്‍ ചെന്നു വോട്ടു ചോദിക്കുന്നതു തടയുക, കുടുംബയോഗം സംഘടിപ്പിച്ച വീടുകളില്‍ ചെന്നു ഭീഷണിപ്പെടുത്തുക, റീത്തുവയ്ക്കുക, കുത്തുവാക്കുകള്‍ എഴുതിവയ്ക്കുക, പ്രവര്‍ത്തകരെ മര്‍ദിക്കുക തുടങ്ങിയവയൊക്കെ നടക്കുന്ന കാര്യം എന്റെ പഴയ സഹപ്രവര്‍ത്തകര്‍ കൂടിയായ അങ്ങയുടെ പാര്‍ട്ടി ഭാരവാഹികളെ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ അവരൊക്കെ നിസഹായരും ഇരുട്ടിന്റെ ശക്തികളെ നിയന്ത്രിക്കാന്‍ പറ്റാത്തവരുമാണെന്ന് എനിക്കു മനസിലായി. അങ്ങു പാര്‍ട്ടിയുടെ സര്‍വാധിപനാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്ന ഇത്തരം കുത്സിത പ്രവര്‍ത്തനങ്ങളും അക്രമങ്ങളും നിയ ന്ത്രിക്കുവാനും അതില്‍ നിന്നു പിന്തിരിപ്പിക്കാനും ‘ഫത്‌വ’ ഇറക്കണമെന്നാണ് എന്റെ അഭ്യര്‍ഥന.
അങ്ങയുടെ പാര്‍ട്ടിക്കാര്‍ പ്രദര്‍ശിപ്പിച്ച കൊടിതോരണങ്ങളുടെയും ഫ്‌ളക്‌സുകളുടെയും പത്തിലൊരംശം പോലും എനിക്ക് ഇവിടെയില്ല. തലശേരിയില്‍ സമാധാനപരമായ തെരഞ്ഞെടുപ്പാണു ഞങ്ങളുടെ ലക്ഷ്യം. അതിനിടയില്‍ അങ്ങയുടെ പാര്‍ട്ടിക്കാരില്‍ നിന്നുണ്ടാകുന്ന നീചമായ പ്രവര്‍ത്തനങ്ങള്‍ തടയണം. രാഷ്ട്രീയ സംഘട്ടനങ്ങളില്‍ നിരവധിപേര്‍ മരിച്ചുവീണ ഈ മണ്ണില്‍ വീണ്ടും കലാപക്കൊടി ഉയര്‍ത്തുന്ന ആളുകളെ നിയന്ത്രിച്ചു നിര്‍ത്തേണ്ടതു സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ അങ്ങയുടെ കടമയാണ്. ഈ കാര്യത്തില്‍ മൗനം പാലിച്ചാല്‍ അങ്ങയുടെ അലംഭാവം സംസ്ഥാനമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെടും. സിപിഎം സംസ്ഥാന സെക്രട്ടറിയില്‍ നിന്നു നല്ല നടപടികള്‍ പ്രതീക്ഷിക്കുന്നുവെന്ന വാക്കുകളോടെയാണ് അബ്ദുള്ളക്കുട്ടിയുടെ കത്ത് അവസാനിക്കുന്നത്.