പരവൂർ (കൊല്ലം): റെയിൽവേയുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ പ്രചരിപ്പിക്കുന്നവർ ജാഗ്രതൈ. ഇത്തരം വിഷ്വലുകൾ ഷെയർ ചെയ്യുന്നവർക്ക് എതിരേ കർശന നടപടി സ്വീകരിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു.
ഈ ഉത്സവ സീസണിൽ ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പഴയതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വീഡിയോകൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇത് യാത്രക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇത്തരത്തിലുള്ള 25 ലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാവർക്കും എതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞു. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ മോണിറ്ററിംഗ് സംവിധാനവും റെയിൽവേ ഏർപ്പെടുത്തിക്കഴിഞ്ഞു.
സെൻട്രൽ റെയിൽവേയിൽ തുടക്കമിട്ട ഈ സംവിധാനം എല്ലാ സോണുകളിലും ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.വ്യാജമായ വീഡിയോകളുടെ ഉറവിടങ്ങൾ കൂടുതലും മുംബൈ കേന്രീകരിച്ചാണെന്ന് റെയിൽവേ നടത്തിയ അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.
അതിനാലാണ് നിയമ നടപടികൾ സെൻട്രൽ റെയിൽവേയിൽ നിന്ന് തന്നെ തുടങ്ങാൻ അധികൃതർ തീരുമാനിച്ചത്.വസ്തുതകളും യാഥാർഥ്യവും പരിശോധിക്കാതെ സ്റ്റേഷനുകളിലെ ജനക്കൂട്ടത്തിന്റെയോ മറ്റ് സംഭവങ്ങളുടേയോ വീഡിയോകൾ പങ്കിടുന്നത് ഒഴിവാക്കണമെന്ന് എല്ലാ സോഷ്യൽ മീഡിയ ഉപയോക്താക്കളോടും റെയിൽവേ അധികൃതർ അഭ്യർഥനയും നടത്തിയിട്ടുണ്ട്.
ആധികാരിക വിവരങ്ങൾക്ക് റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പുകളെയും മന്ത്രാലയത്തിന്റെ സ്ഥിരീകരിച്ച സോഷ്യൽ മീഡിയ ഹാന്റിലുകളെയും മാത്രം ആശ്രയിക്കണമെന്നും അഭ്യർഥനയിൽ പറയുന്നു.റെയിൽ മദദ് ആപ്പ് വഴിയും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴിയും റെയിൽവേ ഔദ്യോഗിക അറിയിപ്പുകൾ കൈമാറുന്നുമുണ്ട്.