ജില്ലയില്‍ അഞ്ചിടത്തും സിപിഐ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് കാനം

KANAMചേര്‍പ്പ്: തൃശൂര്‍ ജില്ലയില്‍ മത്സരിക്കുന്ന അഞ്ചിടത്തും സിപിഐ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വളരെ ശക്തമായ പ്രവര്‍ത്തനമാണ് ജില്ലയില്‍ നടക്കുന്നതെന്നും  ഉദ്ദേശിക്കുന്ന ദിശയില്‍ തന്നെയാണ് പ്രചരണവും പ്രവര്‍ത്തനവും മുന്നോട്ടുപോകുന്നതെന്നും കാനം രാജേന്ദ്രന്‍ ചേര്‍പ്പില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ജില്ലയിലെ സിപിഐ സ്ഥാനാര്‍ത്ഥികളുടെ മണ്ഡലങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രചരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയതാണ് കാനം രാജേന്ദ്രന്‍. വി.എസും മുഖ്യമന്ത്രിയും തമ്മിലുള്ള മത്സരമാണോ ഇപ്പോള്‍ നടക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരമാണെന്നായിരുന്നു കാനത്തിന്റെ മറുപടി.

മുന്‍ മന്ത്രി കെ.പി.രാജേന്ദ്രന്‍, സിപിഐ ജില്ല സെക്രട്ടറി കെ.കെ.വത്സരാജ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ എന്നിവരും കാനത്തിനൊപ്പമുണ്ടായിരുന്നു. സിപിഐ മത്സരിക്കുന്ന ജില്ലയിലെ അഞ്ചിടത്തും കാനം സന്ദര്‍ശനം നടത്തും.

Related posts