കൊല്ലം : മന്ത്രി ഷിബു ബേബിജോണിനെതിരെ സി പി എം നടത്തിയ അക്രമം പരാജയ ഭീതി മൂലമാണെന്ന് ഡി സി സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി പറഞ്ഞു. ചാനല്‍ സംവാദത്തിനെത്തി അക്രമം അഴിച്ച് വിട്ടത് ആശയപരമായി നേരിടാനുള്ള പാപ്പരത്വം കൊണ്ടാണെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി. ചവറ അസംബ്ലി മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഷിബു ബേബിജോണിനെതിരെ നടന്ന അക്രമത്തെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കൊടിക്കുന്നില്‍ സുരേഷ് സൂചിപ്പിച്ചു. പണത്തിന്റെയും മദ്യത്തിന്റെയും പിന്‍ബലത്തോടെ ആക്രമണം അഴിച്ചുവിട്ട് ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ചവറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രമിക്കുന്നതെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി പറഞ്ഞു.
യാതൊരു പ്രകോപനവുമില്ലാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയേയും നേതാക്കളെയും പ്രവര്‍ത്തകരെയും ആക്രമിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നടപടി അതീവ ഗൗരവമുളളതാണ്. ഇതുസംബന്ധിച്ച് നിയമാനുസരണം നടപടി സ്വീകരിക്കണമെന്നും കുറ്റവാളികളെ നിയമനടപടികള്‍ക്ക് വിധേയമാക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന് എംപി. ആവശ്യപ്പെട്ടു.പരാജയ ഭീതിപൂണ്ട എല്‍ ഡി എഫ് ബി ജെ പിയുടെ സഹായത്തോടെ യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ ആക്രമിക്കുവാന്‍ ശ്രമിക്കുകയാണെന്ന് യു ഡി എഫ് ജില്ലാ കണ്‍വീനര്‍ അഡ്വ.ഫിലിപ്പ് കെ തോമസ് ആരോപിച്ചു.