ആദിവാസി കുടിലില്‍നിന്ന് എ പ്ലസ് വിജയവുമായി പ്രവീണ

kkd-praveenaകല്‍പ്പറ്റ: ആദിവാസി കുടിലില്‍നിന്നും പരിമിതികളെ മറികടന്ന് എ പ്ലസ് വിജയം. കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയും കാട്ടിക്കുളം രണ്ടാം ഗോറ്റ് നാരങ്ങക്കുന്ന് കോളനിയിലെ അടിയ സമുദായത്തില്‍പ്പെട്ട ബാബു-ശാന്ത ദമ്പതികളുടെ മകളുമായ പ്രവീണയാണ് എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്  നേടി സ്കൂളിനും നാടിനും ആഭിമാനമായത്. ഷീറ്റ് കെട്ടിയ കൂരയില്‍നിന്നും മണ്ണണ വിളക്കിന്റെ വെട്ടത്തിവല്‍ പ്രവീണ നേടിയ മിന്നുന്ന വിജയം കഠിനാധ്വാനത്തിന്‍െയും നിശ്ചയദാര്‍ഡ്യത്തിന്റേയും കൂടി വിജയമാണ്.

ഭാവിയില്‍ ഒരു ഡോക്ടറായി ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണമെന്ന മകളുടെ ആഗ്രഹത്തിനുമുന്നില്‍ കൂലിപ്പണിയെടുത്ത് കുടുംബം പുലര്‍ത്തുന്ന ബാബുവിന് സന്തോഷത്തേക്കാള്‍ ആധിയാണ് നല്‍കുന്നത്. തകര്‍ന്നുവീഴാറായ വീട് നന്നാക്കാനും മകളെ ഉന്നതവിദ്യഭ്യാസത്തിനയക്കാനുമൊന്നും ഇവര്‍ക്കിന്ന് നിവൃത്തിയില്ല.

കഴിഞ്ഞവര്‍ഷം ആറ് എ പ്ലസോടെ എസ്എല്‍എസി പരീക്ഷ വിജയിച്ച് പ്ലസ് വണ്‍ പഠിക്കുന്ന ചേച്ചി പ്രസീതയുടേയും രക്ഷിതാക്കളുടേയും കൂട്ടുകാരുടേയും നിരന്തര പ്രോത്സാഹനമാണ് തന്റെ വിജയമെന്ന് പ്രവീണ പറയുന്നു. ഹെഡ്മാസ്റ്റര്‍ പി.സി. മോഹനന്‍, പിടിഎ പ്രതിനിധികളായ പി.ആര്‍.ഷിബു, ഒ.കെ. മണിരാജ്, സോയി ആന്റണി. ബീന വര്‍ഗീസ്, സുജ, രശ്മി, ജിഷ എന്നിവര്‍ പ്രവീണയുടെ വീട്ടിലെത്തി വിജയാഹ്‌ളാദത്തില്‍ പങ്കുചേര്‍ന്നു.

Related posts