കാരേപ്പറമ്പില്‍ കാളിദാസന്‍ ചരിഞ്ഞു

tcr-aanaവലപ്പാട്/പാലപ്പെട്ടി: കാരേപ്പറമ്പില്‍ കാളിദാസന്‍ (55) എന്ന ആന ചരിഞ്ഞു. തൃപ്രയാര്‍ സ്വദേശി കാരേപ്പറമ്പില്‍ വിനോദിന്റെ ആനയാണ് ചരിഞ്ഞത്. കഴിഞ്ഞ ഒന്നരമാസമായി കഴിമ്പ്രത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ആനയെ തളച്ചിരുന്നത്. ഇന്നലെ രാവിലെ 7.15ഓടെ  പനമ്പട്ട നല്‍കുന്നതിനിടെ തളര്‍ന്ന് വീണ് ചരിയുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ആനയെ പരിശോധിച്ച മൃഗഡോക്ടര്‍മാര്‍ പറഞ്ഞു.പ്ലാസ്റ്റിക് ഷീറ്റിന് കീഴിലാണ് ആനയെ തളിച്ചിരുന്നത്. ചൂടുമൂലം ജലാംശം കുറഞ്ഞതാകാം ആന ചരിയാന്‍ കാരണമെന്ന് ആന പ്രേമികളും സംശയിക്കുന്നു. ആനപ്രേമികള്‍ കാളിദാസന്റെ ജഡത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. എന്നാല്‍ പ്രായാധിക്യമുള്ള കാളിദാസന്‍ കഴിഞ്ഞദിവസം വരെ ഭക്ഷണം കഴിച്ചിരുന്നു.

ഇന്ന് മലയാറ്റൂര്‍കോടനാട് വനത്തില്‍ ആനയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയാലേ മരണകാരണം വ്യക്തമാകൂവെന്ന് ഫോറസ്റ്റ് ചാലക്കുടി റേഞ്ച് ഓഫീസര്‍ ഷാജികുമാര്‍ പറഞ്ഞു. ഇന്നലെ ആനയുടെ ജഡം കോടനാട്ടേക്ക് കൊണ്ടുപോയിട്ടുണ്ട്. ഒന്നരവര്‍ഷം മുമ്പാണ് വിനോദന്‍ ആനയെ വാങ്ങിയത്. കഴിഞ്ഞ ഏപ്രില്‍ 13-ന് കുന്നംകുളത്തെ ഉത്സവത്തിനാണ് ആനയെ അവസാനമായി എഴുന്നള്ളിപ്പിന് കൊണ്ടുപോയത്. ആനപ്രേമിയായ വിനോദന്റെ രണ്ടാമത്തെ ആനയാണ് ഇപ്പോള്‍ ചെരിഞ്ഞത്.

മൂന്നുവര്‍ഷംമുമ്പ് വിനോദന്റെ കാരേപ്പറമ്പില്‍ രഘുറാം അപകടത്തെത്തുടര്‍ന്ന് ദിവസങ്ങളോളം നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ചരിഞ്ഞിരുന്നു. പുതുക്കുളങ്ങരയിലെ ഉത്സവം കഴിഞ്ഞ് രാത്രി ദേശീയപാതയിലൂടെ മടങ്ങിവരുമ്പോള്‍ ലോറിയിടിച്ച് കാലൊടിഞ്ഞ് രഘുറാം വീഴുകയായിരുന്നു. തളിക്കുളം കൊപ്രക്കളം സെന്ററിനടുത്തുള്ള പറമ്പില്‍ ആന വിദഗ്ധര്‍ ഡോ. പി.ബി. കൈമളിന്റെ നേതൃത്വത്തില്‍ ചികിത്സിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Related posts