പത്തനാപുരം: മുളളുമലയിലെ വനവാസി കുടുംബങ്ങളുടെ ദുരിതജീവിതത്തിന് അവസാനമില്ല. ഗ്രാമത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ അമ്പനാർ തോടിന് കുറുകെയുളള നടപ്പാലം നിർമിക്കാൻ വനംവകുപ്പും ഫാമിംങ്ങ് കോർപ്പറേഷനും തടസം നിൽക്കുകയാണ്. പാലത്തിന് പിറവന്തൂർ ഗ്രാമപഞ്ചായത്ത് തുക അനുവദിച്ചെങ്കിലും വനംവകുപ്പ് നിർമ്മാണ അനുമതി നിഷേധിക്കുകയായിരുന്നു.
ഒരു നാടിന്റെ പതിറ്റാണ്ടുകളായുളള ആവശ്യമാണ് ഇതോടെ ഇല്ലാതായത്. ഫാമിംങ്ങ് കോർപറേഷനിലെ തൊഴിലാളികളും തോട്ടിലൂടെ റബർ പാൽ തലച്ചുമടായാണ് മറുകരയിൽ എത്തിക്കുന്നത്. സ്കൂളിൽ പോകുന്ന കുട്ടികൾ വെളളത്തിലിറങ്ങി തോട്ടിലൂടെയാണ് അക്കരെയിക്കരെ എത്തുന്നത് .
മഴ പെയ്ത് വെളളം ഉയർന്നാൽ ഇവരുടെ പഠനവും മുടങ്ങും. മഴക്കാലത്ത് ഈ പ്രദേശം ഒറ്റപ്പെടുന്നതും പതിവാണ്. പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായതോടെയായാണ് പിറവന്തൂർ പഞ്ചായത്ത് നാലരലക്ഷം രൂപ അനുവദിച്ചത്. എന്നാൽ നിർമാണ അനുമതി ലഭിക്കാത്തതിനാൽ മാസങ്ങൾ കഴിഞ്ഞിട്ടും പണി തുടങ്ങാനായിട്ടില്ല.
ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം അനുവദിച്ച തുക നഷ്ടപെടുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. അമ്പനാർ തോട് കടക്കാൻ വനംവകുപ്പിന്റെ കനിവിനായി കാത്തിരിക്കുകയാണ് ഇവർ.