ചന്ദ്രബോസ് കൊലക്കേസ്: നിസാമിന്റെ ഭാര്യ കുറൂമാറിയതായി കോടതി

NIshamതൃശൂര്‍: ചന്ദ്രബോസ് കൊലക്കേസില്‍ പ്രതി മുഹമ്മദ് നിസാമിന്‍െറ ഭാര്യ അമല്‍ കൂറുമാറിയതായി പ്രഥമദൃഷ്ട്യാ തെളിഞ്ഞുവെന്നു കോടതി. ഇതു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ബോധിപ്പിക്കുന്നതിന് അമലിനോടും അഭിഭാഷകനോടും നാളെ നേരില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ കേസ് പരിഗണിക്കുന്ന ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.പി. സുധീര്‍ ഉത്തരവിട്ടു. അമലിനും പ്രതിഭാഗം അഭിഭാഷകന്‍ എ.ഡി. ബാബുവിനും കോടതിയില്‍ ഹാജരായി വിശദീകരണം ബോധിപ്പിക്കാന്‍ ഷോകോസ് നോട്ടീസ് അയയ്ക്കും. ഐപിസി സെക്ഷന്‍ 191, 193, 181 വകുപ്പുകളാണ് അമലിനെതിരേ ചുമത്തിയിരിക്കുന്നത്.

ചന്ദ്രബോസിന്റെ കൊലപാതകത്തില്‍ തനിക്കു പങ്കില്ലെന്നും, നിസാം തോക്ക് ഉപയോഗിച്ചിരുന്നില്ലെന്നും അമല്‍ പറഞ്ഞിരുന്നു. നിസാം വിളിച്ചതിനെത്തുടര്‍ന്നാണ് ആക്രമണം നടന്ന ഗേറ്റിനരികില്‍ താനെത്തിയതെന്നും ചന്ദ്രബോസിനെയാണ് ആക്രമിച്ചതെന്നു തനിക്കറിയില്ലായിരുന്നുവെന്നുമാണ് അമലിന്റെ മൊഴി. തുടര്‍ന്നു താന്‍ വന്ന കാര്‍ മാറ്റിയിട്ട് നിസാമിന്റെ കാറില്‍ കയറി. പാര്‍ക്കിംഗ് ഏരിയയിലെത്തിയപ്പോഴാണ് അതില്‍ ചന്ദ്രബോസിനെ മര്‍ദിച്ചു കയറ്റിയിട്ടുണെ്ടന്ന് അറിഞ്ഞത്.

അതു കണ്ട് സ്തംഭിച്ച തനിക്കു പ്രതികരിക്കാനായില്ലെന്നായിരുന്നു അമല്‍ അന്വേഷണസംഘത്തോടും പിന്നീട് മജിസട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയിലും പറഞ്ഞിരുന്നത്. എന്നാല്‍, വിചാരണവേളയില്‍ ചന്ദ്രബോസ് നിസാമിനെയാണ് ആക്രമിക്കാന്‍ ശ്രമിച്ചതെന്നും, നിസാമിന്‍െറ വാഹനത്തിനു നേരേ ചാടുകയായിരുന്നു എന്നുമാണ് അമല്‍ മൊഴി മാറ്റി പറഞ്ഞത്.തുടര്‍ന്ന് പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് ഇവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ കോടതി ഉത്തരവിട്ടത്. നടപടികളുടെ ഭാഗമായാണ് അമലിനു വിശദീകരണം നല്‍കാനുള്ള അവസരമൊരുക്കുന്നത്.

Related posts