കിഴക്കന്പലം: സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്ന “വിദ്യാർഥിവിവാഹ’ത്തിനെതിരേ പോലീസ് രംഗത്ത്. ഇതു പ്രചരിപ്പിക്കുന്നവർക്കെതിരേ കേസെടുക്കാതെ മുന്നോട്ട് പോകാൻ സാധിക്കാത്ത അവസ്ഥയിലാണ് പോലീസ്.
വിദ്യാർഥിനിയുടെ പിതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുക്കുന്നത്. പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥികൾ വിവാഹം കഴിക്കുന്ന വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതായിട്ടായിരുന്നു പരാതി. കഴിഞ്ഞ മൂന്നിനാണ് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.
സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാഥിയായ പെണ്‍കുട്ടിയും മറ്റൊരു സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയായ ആണ്‍കുട്ടിയും തമ്മിലുള്ളതാണ് വീഡിയോ. പെണ്‍കുട്ടിയുടെ കഴുത്തിൽ താലികെട്ടുന്നതായും നെറ്റിയിൽ കുറി വരയ്ക്കുന്നതായുമാണ് വീഡിയോയിലുള്ളത്. പെണ്‍കുട്ടിയെ മോശമായി ചിത്രീകരിച്ച് അപമാനിച്ചുവെന്ന തരത്തിലാണ് വീട്ടുകാർ പരാതി നൽകിയിരിക്കുന്നതെന്ന് കുന്നത്തുനാട് എസ്.ഐ ടി.ദിലീഷ് പറഞ്ഞു.കൂടാതെ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
വിവാഹദൃശ്യം ചിത്രീകരിച്ചപ്പോൾ സ്ഥലത്തുണ്ടായിരുന്ന മറ്റ് വിദ്യാർഥികളിൽ നിന്നും തെളിവെടുത്ത ശേഷം മാത്രമേ തുടർനടപടികൾ ഉണ്ടാവുകയുള്ളുവെന്നുമാണ്പോലീസ് വ്യക്തമാക്കുന്നത്.”വിവാഹ വീഡിയോ’ പ്രചരിച്ച സംഭവത്തിൽ പോലീസ് വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷൻ പരിധിയിൽ വച്ചാണ് വീഡിയോ ചിത്രീകരണം നടന്നതെന്ന് തെളിവെടുപ്പിൽ വ്യക്തമായി.
ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്നകാര്യത്തിൽ പോലീസ് ഇനിയും ധാരണയിൽ എത്തിയിട്ടില്ലെന്നാണ് ലഭ്യമായ വിവരം. സംഭവിച്ചകാര്യങ്ങൾ റിപ്പോർട്ടാക്കി ബന്ധപ്പെട്ട രേഖകളും തെളിവുകളുമുൾപ്പെടെ കോടതിക്ക് കൈമാറാനും പിന്നീട് കോടതി നിർദ്ദേശിക്കും പോലെ നടപടികൾ തുടരാനുമാണ് നിലവിൽ പോലീസ് ലക്ഷ്യമിട്ടിട്ടുള്ളത് എന്നാണ് സൂചന.
വീഡിയോയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾ ഇരുവരും പ്രായപൂർത്തിയാവാത്തതിനാൽ ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ പോലീസ് വിദഗ്ധ നിയമോപദേശവും തേടിയിട്ടുണ്ട്. താലികെട്ടലും മറ്റും കുട്ടിക്കളിയായിക്കണ്ട് പെണ്‍കുട്ടിയുടെ വീട്ടുകാർ പോലീസ് കേസിൽ നിന്നും മറ്റും നേരത്തെ പിൻമാറിയിരുന്നു. പിന്നീട് വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് പെണ്‍കുട്ടിയുടെ പിതാവ് വീണ്ടും പോലീസിനെ സമീപിച്ചത്.