മണ്ണാർക്കാട്: തെങ്കര മണ്ണാർക്കാട് കുടിവെള്ളപദ്ധതി പൈപ്പുലൈൻ നിർമാണം തുടങ്ങി. കുടിവെള്ളപദ്ധതി പദ്ധതി പ്ലാന്റിൽനിന്നും പ്രധാന ടാങ്ക് സ്ഥിതിചെയ്യുന്ന ആശുപത്രിപ്പടിയിലേക്കുള്ള പൈപ്പ് നിർമാണമാണ് തുടങ്ങിയിരിക്കുന്നത്.
ഒന്നാംഘട്ടത്തിൽ ഫിൽറ്ററിംഗ് പ്ലാന്റ്, മോട്ടോർപുര, നിർവഹണ ഓഫീസ് എന്നിവയുടെ നിർമാണം പൂർത്തിയായി. രണ്ടാംഘട്ടമായുള്ള പ്രധാന പൈപ്പു സ്ഥാപിക്കലാണ് ഇപ്പോൾ നടക്കുന്നത്. പുഴയിൽനിന്നും ഫിൽറ്ററിംഗ് പ്ലാന്റിലേക്കും അവിടെനിന്ന് പ്രധാന ടാങ്കായ ആശുപത്രിപ്പടിയിലെ ടാങ്കിലേക്കുള്ള പൈപ്പുലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയുമാണ് നടക്കുന്നത്. നടമാളിക റോഡിലൂടെയാണ് ഈ പൈപ്പുലൈൻ കടന്നുപോകുന്നത്.
ഗതാഗതംനിയന്ത്രിച്ചു നടമാളിക റോഡിന്റെ നടുഭാഗം വെട്ടിമുറിച്ചാണ് പൈപ്പുലൈൻ സ്ഥാപിക്കുന്നത്. മുൻവർഷങ്ങളിലെല്ലാം ഇത്തരം പദ്ധതികൾ നടത്തിയിരുന്നത് റോഡരികിലൂടെയായിരുന്നു. ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച നടമാളിക റോഡ് എഴുപതുശതമാനത്തോളമാണ് വെട്ടിമുറിച്ചത്.
പദ്ധതി പ്രാവർത്തികമാകുന്നതോടെ മണ്ണാർക്കാട്, തെങ്കര പഞ്ചായത്തുകളിലെ കുടിവെള്ളപ്രശ്നത്തിനും പരിഹാരമാകും. മുപ്പതുവർഷംമുന്പുള്ള കുടിവെള്ളപദ്ധതിയിൽനിന്ന് നല്കുവാൻ കഴിയുന്നതിലേറെ കണക്്ഷനുകളാണ് നല്കിയിട്ടുള്ളത്.