വടകര: അഴിയൂർ ബ്രാഞ്ച് കനാൽ തുറക്കാത്തതിനാൽ ചോറോട് മേഖല കുടിവെള്ള ക്ഷാമത്തിന്റെയും കൃഷി നാശത്തിന്റെയും പിടിയിലേക്ക്. പഞ്ചായത്തിലെ മാങ്ങാട്ടുപാറ, ചേന്ദമംഗലം, വൈക്കിലശേരി, മത്തത്ത് താഴ പ്രദേശങ്ങളിലെ പച്ചക്കറി കൃഷി കത്തിക്കാളുന്ന വേനലിൽ ഉണങ്ങുന്ന സ്ഥിതിയാണ്. ഈ ഭാഗങ്ങളിൽ കിണറുകൾ വറ്റി കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുകയാണ്.
കനാൽ തുറക്കാൻ സമ്മർദ്ദം ഉണ്ടായിട്ടും യഥാസമയം വെള്ളം തുറന്നു വിടാത്തതിനു പിന്നിൽ സ്ഥാപിത താൽപര്യമുണ്ടെന്ന ആക്ഷേപം ഉയരുകയാണ്. കിണറുകൾ കുഴിക്കുന്നവരും ഇറിഗേഷൻ അധികൃതരും ഒത്തുകളിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ആളുകൾ കുടിവെള്ളത്തിനും കൃഷിക്കും ബുദ്ധിമുട്ടുന്പോൾ അധികൃതർ ചിലരുടെ സ്വാധീനവലയത്തിൽപ്പെടുന്നത് അവസാനിപ്പിക്കണമെന്നാണ് ചോറോട് വൈക്കിലശ്ശേരി നിവാസികൾ പറയുന്നത്.
കനാൽ തുറന്നുവിടുന്നതോടെ പുതുതായി കിണർ കുഴിക്കുന്നതിനും ആഴം കൂട്ടുന്നതിനും ആളുകൾ താൽപര്യം കാണിക്കില്ല. ഇക്കാരണത്താൽ പരമാവധി കിണർ നിർമാണം ഏറ്റെടുത്തു നടത്തുകയാണെന്ന അഭിപ്രായം നാട്ടിലുണ്ട്.
കനാൽ ഉടൻ തുറന്നു വിട്ടില്ലെങ്കിൽ ഇറിഗേഷൻ ഓഫീസിലെത്തി പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ജനങ്ങൾ.