കബാലിശ്വരന്‍- രജനി വീണ്ടും വരുന്നു

kabaliവാതില്‍ തുറക്കുന്നതോടെ പുറത്തുനിന്നും വെളിച്ചം കണ്ണിലേക്കു കുത്തുന്നു, പതിയെ വെളിച്ചത്തെ കീറിമുറിച്ച് ഉറച്ച കാല്‍വെപ്പുകളോടെ അതാ വരുന്നു കബാലീശ്വരന്‍. ഇരുകൈകളും പാന്റിന്റെ പോക്കറ്റില്‍ തിരുകി കറുത്ത കണ്ണടയുമായി വരുന്ന കബാലിശ്വരന്‍ തമിഴിന്റെയും ഇന്ത്യന്‍ സിനിമയുടെയും സ്‌റ്റൈല്‍മന്നനായ രജനീകാന്താണ്. രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം രജിനി വീണ്ടും സിനിമാ ലോകം കീഴടക്കാനെത്തുന്നു കബാലിശ്വരനായി. തന്റെ സിനിമാ കരിയറിലെ 159-ാം ചിത്രത്തിലൂടെയാണ് ആക്ഷന്‍ നായകനായും തീപ്പൊരി സംഭാഷണങ്ങളുമായി സിനിമാ നായക സങ്കല്‍പ്പം വീണ്ടും മാറ്റിയെഴുതാനെത്തുന്നത്. രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് രജനി നായകനായിറങ്ങിയ ലിങ്കാ എന്ന ചിത്രത്തിനുശേഷമാണ് രജനിയുടെ കബാലി തിയേറ്ററിലെത്താന്‍ പോകുന്നത്.

യാര് ഡാ അന്ത കബാലി വര സൊല്ലു ഡാ എന്നു വില്ലന്‍ അലറി വിളിക്കുമ്പോള്‍ എല്ലാ വില്ലന്മാരെയും ഞെട്ടിച്ച് അതാ സ്ക്രീനില്‍ സാക്ഷാല്‍ കബാലീശ്വര്‍ അഥവാ  രജനീകാന്ത്. അതുമതി തിയെറ്ററുകളിലെ കസേരകളെ വിട്ടൊഴിയാന്‍ കാണികളെ പ്രേരിപ്പിക്കുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ രൂപത്തില്‍ കോട്ടും ധരിച്ചെത്തുന്ന കബാലിയുടെ ചിരിയ്ക്കുവരെയുണ്ട് ഒരു കിടിലന്‍ ഡയലോഗ്.

ലോക സിനിമയില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ നേടിയ സിനിമാ ടീസറായി മാറാനൊരുങ്ങുകയാണ് കബാലി. ഇപ്പോള്‍ തന്നെ 3.5 ലക്ഷം ലൈക്കുകളാണ് ടീസര്‍ ഇറങ്ങി ദിവസങ്ങള്‍ക്കകം കബാലി സ്വന്തമാക്കിയത്. 5.5 ലക്ഷം ലൈക്കുകളുമായി ഹോളിവുഡ് സൂപ്പര്‍ ഹീറോ സിനിമയായ അവഞ്ചേഴ്‌സാണ് കബാലിക്കു മുന്നിലുള്ളത്.

കബാലിയുടെ ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും കാഴ്ചക്കാരുടെ എണ്ണം 10 ലക്ഷം കവിഞ്ഞിരുന്നു. ഇപ്പോള്‍ ഒരു എഴുപത് ലക്ഷംപേര്‍ ടീസര്‍ കണ്ടുകഴിഞ്ഞു. യൂട്യൂബിനുപോലും കണക്കുതെറ്റിപോയി. ഒരു ഘട്ടത്തില്‍ വ്യൂവേഴ്‌സിന്റെ എണ്ണത്തേക്കാള്‍ കൂടുതലായി ലൈക്കടിച്ചവരുടെ എണ്ണം.

സിനിമാലോകം മുഴുവന്‍ ടീസറിനെ പ്രശംസിച്ച് പറയുമ്പോള്‍ രജനിയും ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചുകഴിഞ്ഞു. ഈ ടീസര്‍ നിങ്ങള്‍ക്കും ഇഷ്ടപ്പെട്ടതില്‍ സന്തോഷവും നന്ദിയുമുണ്ടെന്നാണ് രജനിയുടെ മറുപടി.
കബാലിയുടെ ടീസറിനെ പിന്‍തുടര്‍ന്ന് സിനിമ, ക്രിക്കറ്റ് തുടങ്ങി സെലിബ്രിറ്റി ലോകത്തെ പലരുടെയും പേരില്‍ ആരാധകര്‍ ടീസര്‍ പുറത്തിറക്കിയിരുന്നു അതില്‍ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, എം.എസ്. ധോണി, ഇളയദളപതി വിജയ്, മോഹന്‍ലാല്‍ തുടങ്ങിയവരും ഉള്‍പ്പെടും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിഎംകെ മുന്നണി തങ്ങളുടെ പ്രചരണാര്‍ഥം കബാലിയുടെ ടീസറില്‍ മാറ്റം വരുത്തിയതും പോയ വാരത്തില്‍ തമിഴകം ഏറെ ചര്‍ച്ചചെയ്ത സംഭവമായിരുന്നു. ആരാണ് ഡിഎംകെ? എന്ന് വില്ലന്‍ ചോദിക്കുന്നിടത്തുനിന്നാണ് കബാലിയുടെ ഡിഎംകെ ടീസര്‍ ആരംഭിക്കുന്നത്. പിന്നീട് കബാലിയുടെ പഞ്ച് ഡയലോഗില്‍ എഎഡിഎംകെ പാര്‍ട്ടിയും നേതാക്കന്മാരും വെടിയേറ്റ് തളര്‍ന്നു. പിന്നീട് ടീസര്‍ വിവാദമായപ്പോള്‍ ടീസര്‍ സൃഷ്ടിച്ചവര്‍ തന്നെ ടീസര്‍ പിന്‍വലിച്ച് പിന്‍വാങ്ങി.

ചെന്നൈ മൈലപ്പൂര്‍ സ്വദേശിയായ കബാലീശ്വരന്‍ അധോലോക നേതാവായി മാറുന്നതും പിന്നീട് മലേഷ്യയിലേക്കു ചേക്കേറുന്നതുമാണ് ചിത്രം. ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ജൂലൈ ഒന്നിനാണ് ഈ ചിത്രം തിയേറ്ററിലെത്തുക. ആട്ടക്കത്തി, മദ്രാസ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ പാ രഞ്ജിത്താണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അടുത്തിടെ തിയറ്ററുകളില്‍ വന്‍ വിജയം നേടിയ വിജയുടെ തെരി നിര്‍മിച്ച കലൈപുലി എസ്. താണുവാണ് ഈ ചിത്രത്തിന്റെയും നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.

രജനിയുടെ നായികയായി വരുന്നത് ബോളിവുഡ് നടി രാധിക ആപ്‌തേയാണ്. രജനിയുടെ ഭാര്യയായാണ് രാധിക ചിത്രത്തില്‍ അഭിനയിക്കുന്നത്. ദിനേഷ് രവി, കലൈരശന്‍, ധന്‍സിക, ജോണ്‍ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റു നടന്മാര്‍. ജി. മുരളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സന്തോഷ് നാരായണന്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്ന കബാലിയുടെ ഓഡിയോ റിലീസ് ഈ മാസം 30ന് നടക്കും.

-ജെനറ്റ് ജോണ്‍

Related posts