തളിപ്പറമ്പ്: വിജയാഹ്ലാദത്തിന്റെ മറവില്‍ കടമ്പേരിയില്‍ സിപിഎം വ്യാപകമായ അക്രമങ്ങള്‍ നടത്തിയതായി പരാതി. കടമ്പേരിയില്‍ കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ആന്തൂര്‍ നഗരസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.പി. ജയശ്രീയുടെ വീടിനോട് ചേര്‍ന്നുള്ള കടമുറി ബോംബ് വച്ച് തകര്‍ക്കാന്‍ ശ്രമം നടന്നതായി ബിജെപി ആന്തൂര്‍ മണ്ഡലം പ്രസിഡന്റ് കെ.രവീന്ദ്രന് തളിപ്പറമ്പ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ഇന്നലെ രാത്രി തെരുവ് വിളക്ക് ഓഫാക്കി എത്തിയ മൂന്നംഗ സംഘം ബോംബുകള്‍ സ്ഥാപിച്ച് സ്ഫോടനത്തിന് ശ്രമിക്കവെ വീടുകാരുടെ ശ്രദ്ധയില്‍ പെട്ടതിനാല്‍ ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പോലീസ് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. ഇന്നുരാവിലെയാണ് കടയ്ക്ക് ചുറ്റും നാടന്‍ബോംബുകള്‍ കെട്ടിത്തൂക്കിയതായി കണ്ടത്. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇവ കസറ്റഡിയിലെടുത്തു.
ആന്തൂര്‍ നഗരസഭയില്‍ ഇത്തവണ ബിജെപിക്ക് മൂന്നിരട്ടിയോളം വോട്ട് വര്‍ധിച്ചതാണ് സിപിഎം അക്രമം നടത്താന്‍ കാരണമെന്ന് ബിജെപി ആന്തൂര്‍ ഏരിയാ കമ്മറ്റി പ്രസ്താവനയില്‍ ആരോപിച്ചു. നിരന്തരമായി അക്രമവും പീഡനവും നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. കടമ്പേരി അയ്യന്‍കോവിലില്‍ ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവും പൂര്‍ണ്ണമായി അടിച്ചു തകര്‍ത്തിട്ടുണ്ട്. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.