കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച മൂന്ന് ജെഡിഎസ് എംഎല്‍എമാരില്‍ ആര് മന്ത്രിയാകുമെന്ന് ഇന്നറിയാം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന പാര്‍ട്ടി പാര്‍ലമെന്ററി യോഗത്തില്‍ മന്ത്രിയെ തീരുമാനിക്കാന്‍ കഴിയാതെ യോഗം പിരിയുകയായിരുന്നു. തുടര്‍ന്ന് തീരുമാനം കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന ഘടകം കൈമാറുകയായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡ, സെക്രട്ടറി ഡാനിഷ് അലി എന്നിവര്‍ മന്ത്രിയെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന നേതാക്കള്‍ അറിയിച്ചു.
അഞ്ച് സീറ്റില്‍ മത്സരിച്ച ജെഡിഎസ് ഇക്കുറി മൂന്ന് സീറ്റില്‍ മാത്രമാണ് വിജയിച്ചത്. വടകരയില്‍ സി.കെ. നാണു, ചിറ്റൂരില്‍ കെ. കൃഷ്ണന്‍കുട്ടി, തിരവല്ലയില്‍ മാത്യു ടി തോമസ് എന്നിവരാണ് ജെഡിഎസിന്റെ വിജയക്കൊടി പാറിച്ചത്. സി.കെ. നാണുവിന്റെ പ്രായാധിക്യം പരിഗണിച്ച് മന്ത്രിയാക്കേണ്ടെന്നായിരുന്നു സംസ്ഥാന പാര്‍ലമെന്ററി യോഗത്തിന്റെ തീരുമാനം. ജെഡിയു വിട്ട് അടുത്തകാലത്ത് ജെഡിഎസിലേക്ക് വന്ന കെ. കൃഷ്ണന്‍കുട്ടിയെ മത്സരിപ്പിച്ചെങ്കിലും മന്ത്രിയാക്കുന്നതിനോട് കേന്ദ്ര നേതൃത്വത്തിന് യോജിപ്പുമില്ല. ഇതിനാല്‍ മന്ത്രിയാകാനുള്ള നറുക്ക് സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ മാത്യു ടി. തോമസിന് തന്നെ ലഭിക്കാനാണ് കൂടിതല്‍ സാധ്യത.
നേരത്തെ വി.എസ്. അ;്യുതാനന്ദന്‍ സര്‍ക്കാറില്‍ ഗതാഗത മന്ത്രിയായായിരുന്നു മാത്യു ടി. തോമസ്. പിന്നീട് ജനതാദള്‍ പിളര്‍പ്പിനുമുമ്പ് രാജി വച്ചെങ്കിലും ഇടതുപാളയത്തില്‍ നിന്നും വിട്ടുപോയിരുന്നില്ല. വീരേന്ദ്രകുമറിന്റെ ആവശ്യപ്രകാരം അന്ന് രാജിവച്ചത് കൂടി കണക്കിലെടുത്താല്‍ ജെഡിഎസ് കേന്ദ്രനേതൃത്വം മാത്യു ടി. തോമസിന് തന്നെ ഒരിക്കല്‍കൂടി മന്ത്രി ടിക്കറ്റ് നല്‍കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.