കോഴിക്കോട്: മലാപ്പറമ്പ് എയുപി സ്കൂള്‍ പൂട്ടാനുള്ള നീക്കത്തിനെതിരായ സ്കൂള്‍ സംരക്ഷണ സമിതിയുടെ സമരം അക്രമാസക്തമായി. സ്കൂള്‍ രേഖകള്‍ തിരിച്ചെടുക്കാനായി എത്തുന്ന എഇഒയെ സ്കൂള്‍ സംരക്ഷണ സമിതിയും നാട്ടുകാരും ഉപരോധിച്ചതോടെ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സ്കൂള്‍ പൂട്ടാനുള്ള നടപടികളിലേക്ക് നീങ്ങുകയാണെന്ന് സ്കൂള്‍ അധികൃതര്‍ അധ്യാപകരെ അറിയിച്ചതോടെയാണ് സമിതി പ്രവര്‍ത്തകര്‍ സമരം ശക്തമാക്കിയത്. സ്കൂള്‍ പരിസരത്ത് പോലീസും നാട്ടുകാരും ഏറ്റുമുട്ടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശക്തമായ പോലീസ് കാവലാണ് സ്കൂളിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സ്കൂള്‍ വീണ്ടും അടച്ചുപൂട്ടാന്‍ ഡിപിഐ നല്കിയ അന്യായമായ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിരോധ സമരം നടന്നുവരികയായിരുന്നു. 70 പേര്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് നടത്തുവാനുള്ള അധികാരം നഗരസഭയ്ക്ക് നല്കുകയോ ചെയ്യണമെന്നാണ് സമിതി ഭാരവാഹികള്‍ പറയുന്നത്.