വമ്പന്‍ സിംഹക്കടുവ! ആണ്‍സിംഹത്തിനു പെണ്‍കടുവയില്‍ ജനിക്കുന്ന സങ്കരവര്‍ഗത്തില്‍പ്പെട്ട കുഞ്ഞുങ്ങളാണു സിംഹക്കടുവ

LINOMആണ്‍സിംഹത്തിനു പെണ്‍കടുവയില്‍ ജനിക്കുന്ന സങ്കരവര്‍ഗത്തില്‍പ്പെട്ട കുഞ്ഞുങ്ങളാണു സിംഹക്കടുവ (Liger) എന്ന പേരില്‍ അറിയപ്പെടുന്നത്. മാതാപിതാക്കളെക്കാള്‍ ഇരട്ടി ശരീരവലിപ്പമാണ് സിംഹക്കടുവകള്‍ക്കുണ്ടാവുക. കലഹാരി മരുഭൂമിയോടു ചേര്‍ന്നുകിടക്കുന്ന കുറ്റിക്കാടുകള്‍ നിറഞ്ഞ തരിശുഭൂമിയിലാണ് ഏറ്റവും കൂടുതല്‍ സിംഹക്കടുവകളെ കാണാന്‍കഴിയുന്നതെന്നു ഹോളിവുഡ് സിനിമാ നിര്‍മാതാവ് ഡറക് ജോബര്‍ട്ട് പറയുന്നു. ഒകവാങോ നദി കുറുകെ കടന്നു സാഹസികമായി കലഹാരി മരുഭൂമിയില്‍ എത്തിയപ്പോഴാണു തനിക്ക് ഈ സത്യം ബോധ്യപ്പെട്ടതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഭാര്യ ബെവേര്‍ലിയും ദേശീയ ഭൂമിശാസ്ത്ര ഗവേഷകരും ഡറക്കിനൊപ്പം ഉണ്ടായിരുന്നു. ‘ഗയിം ഓഫ് ലയണ്‍സ്’ എന്ന ഹോളിവുഡ് സിനിമയുടെ ചിത്രീകരണ സമയത്താണ് ഇക്കാര്യം ബോധ്യമായത്.

പെണ്‍സിംഹക്കടുവയ്ക്കാണു പൊതുവേ ആണ്‍സിംഹക്കടുവയെക്കാള്‍ ശാരീരിക വളര്‍ച്ചയും വലിപ്പവും ഉണ്ടാവുക. സാധാരണഗതിയില്‍ പെണ്‍സിംഹക്കടുവയ്ക്കു ശരാശരി 320 കിലോഗ്രാം ഭാരവും പത്ത് അടി (3.05 മീ.) നീളവുമുണ്ടായിരിക്കും.

2014-ലെ ഗിന്നസ് റിക്കാര്‍ഡ് രേഖകള്‍ അനുസരിച്ച് ഇന്നു ജീവിച്ചിരിക്കുന്ന മാര്‍ജാരവര്‍ഗത്തില്‍പ്പെട്ട ഏറ്റവും വലിയ സിംഹക്കടുവ ഹെര്‍ക്കുലിസ് ആണ്. പത്ത് അടി ഉയരവും 922 പൗണ്ട് ഭാരവും 131 ഇഞ്ച് നീളവുമാണ് അവന്റെ പ്രത്യേകതകള്‍. 2001 നവംബര്‍ നാലിനു മിര്‍ട്ടില്‍ ബീച്ച് സഫാരി വൈല്‍ഡ് ലൈഫ് പാര്‍ക്കിലാണു ഹെര്‍ക്കുലിസ് ജനിച്ചുവീണത്.

ഈ പാര്‍ക്ക് സ്ഥിതിചെയ്യുന്നത് അമേരിക്കയിലെ സൗത്ത് കരോളൈനയിലാണ്. ഹെര്‍ക്കുലിസിന് ഒരു ഇളയ സഹോദരന്‍കൂടിയുണ്ട്. അവന്റെ പേര് എറീസ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ ഹെര്‍ക്കുലീസിനു കഴിയും. പരിശീലകരോടും സന്ദര്‍ശകരോടും വളരെ മാന്യമായും സ്‌നേഹത്തോടുകൂടിയുമാണ് ഹെര്‍ക്കുലീസ് ഇടപെടുന്നത്. വംശനാശം നേരിടുന്ന മൃഗങ്ങളുടെ പട്ടികയിലാണു സിംഹക്കടുവകളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Related posts