തളിപ്പറമ്പ്: കീഴാറ്റൂര്‍ തോട്ടില്‍ മലിനജലം ഒഴുകിയെത്തി മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ പരാതിയുമായി നാട്ടുകാര്‍ രംഗത്ത്. വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നഗരസഭാ ചെയര്മാന് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവിഭാഗം ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. അടിയന്തര പ്രാധാന്യത്തോടെ പ്രശ്ന പരിഹാരത്തിന് ഇടപെടുമെന്ന് ചെയര്മാന് ഉറപ്പു നല്കി. ബുധനാഴ്ച്ച ഉച്ചയോടെ പെയ്ത വേനല്‍മഴയ്ക്കു ശേഷമാണ് കീഴാറ്റൂര്‍ തോടില്‍ മാലിന്യം ഒഴുകിയെത്തിയത്.
കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ മീനുകള്‍ ചത്തു പൊങ്ങിയതായും കണ്ടെത്തി. കീഴാറ്റൂരിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തളിപ്പറമ്പ് നഗരത്തിൽ നിന്ന് ഒഴുകിയെത്തുന്ന മാലിന്യങ്ങളുടെ ദുരിതംപേറാന്‍ വിധിക്കപ്പെട്ടവരായിരുന്നു കീഴാറ്റൂര്‍ ജനത. നഗരസഭയിലെ 30, 31 വാര്‍ഡുകളെയാണ് മാലിന്യപ്രശ്നം രൂക്ഷമായി ബാധിച്ചിരുന്നത്.
പാളയാട്, കീഴാറ്റൂര്‍, കൂവോട് എന്നിവിടങ്ങളിലാണ് മാലിന്യങ്ങള്‍ കെട്ടിക്കിടക്കാറുളളത്. ഇപ്പോള്‍ തോട്ടില്‍ കാടും മറ്റ് ഖരമാലിന്യങ്ങളും നിറഞ്ഞ് പല സ്ഥലങ്ങളിലായി അഴുക്കുവെളളം കെട്ടിക്കിടക്കുകയാണ്. ഇത് ഗരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടയാക്കും.
അതിനുപുറമെയാണ് ബുധനാഴ്ച മാലിന്യം ഒഴുക്കിവിട്ടതായി ശ്രദ്ധയില്‍പ്പെടുന്നത്. മഴക്കാലം എത്തുന്നതിനു മുന്‍പ് തോട് ശുചീകരിക്കുന്നതിനുളള നടപടികള്‍ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
വെളളത്തില്‍ ഏതെങ്കിലും രാസവസ്തുക്കളുടെ സാന്നിധ്യം കാരണമാകാം മത്സ്യങ്ങള്‍ ചത്തുപൊങ്ങാനിടയായതെന്നാണ് മനസിലാക്കുന്നതെന്നും തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്ന വസ്തുക്കൾ നീക്കം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി ബൈജു പറഞ്ഞു. ചര്‍ച്ചയില്‍ കെ.മുരളീധരന്, ടി.വി.വിനോദ്, കെ.ബിജുമോന്, പി.പ്രകാശന് എന്നിവര്‍ പങ്കെടുത്തു.