വേനല്‍മഴയില്‍ പൊതുവഴികള്‍ മുങ്ങുന്നു

kkd-roadkulamവടകര: പൊള്ളുന്ന ചൂടിന് ആശ്വാസമേകി വേനല്‍ മഴ കുളിര് പകരുമ്പോള്‍ ഒപ്പം ദുരിതത്തിന്റെ കഥകളും ഉയര്‍ന്നു. റോഡുകളും ഇടവഴികളും വെള്ളത്തിലമരുന്ന സ്ഥിതി. ചെറിയ മഴ മതി വടകരയിലെ ലിങ്ക് റോഡ് മുങ്ങാന്‍. മെയിന്‍ റോഡിനേയും ദേശീയപാതയേയും ബന്ധിപ്പിക്കുന്ന ലിങ്ക്‌റോഡിന്റെ കിടപ്പ് തന്നെ വ്യത്യസ്തമായതിനാല്‍ ഒതയോത്ത് ക്ഷേത്രത്തിനു സമീപം റോഡിലാകെ വെള്ളം കയറുന്നു. താഴേക്ക് ഒഴുകിപ്പോകേണ്ട ചാലില്‍ ചപ്പുചവറുകള്‍ നിറയുന്നതാണ് റോഡില്‍ വെള്ളം ഉയരാന്‍ കാരണം. ഇതോടെ ചെറുവാഹനങ്ങള്‍ക്ക് ഇത് വഴി പോകാനാവില്ല.

മുനിസിപ്പല്‍ കണ്ടിജന്‍സി ജീവനക്കാരെത്തി തടസം നീക്കുന്നതുവരെ ലിങ്ക് റോഡ് നേരാംവണ്ണം ഉപയോഗിക്കാനാവാതെ കിടക്കുന്നു. പുതിയ സ്റ്റാന്റില്‍ നിന്നു കീര്‍ത്തി തിയേറ്റര്‍ ഭാഗത്തേക്കു പോകുന്ന റോഡ് മഴ പെയ്യുന്നതോടെ ചെളിയില്‍ മുങ്ങുന്നതു പതിവു കാഴ്ചയാണ്. ആലക്കല്‍ റസിഡന്‍സിക്കു സമീപത്തെ വളവ് കുണ്ടുകുഴിയും നിറഞ്ഞതിനാല്‍ ചെറിയ മഴ മതി വെള്ളം കയറാന്‍. ചെളിവെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമില്ലാത്തിനാല്‍ ഈ വെള്ളക്കെട്ടിലൂടെ തന്നെ വേണം വാഹനങ്ങള്‍ക്കു പോകാന്‍.

പ്രധാന വഴിയായി മാറിയ ഈ റോഡ് നേരെയാക്കാന്‍ മുനസിപ്പല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമില്ല. മേപ്പയില്‍, കുറമ്പയില്‍, അക്ലോത്ത്‌നട, പുത്തൂര്‍, കസ്റ്റംസ്‌റോഡ് ശാദിമഹല്‍ പരിസരം, അറക്കിലാട് റോഡ്, താഴെഅങ്ങാടിയിലെ റോഡുകള്‍ എന്നിവയെ വേനല്‍മഴ വെള്ളത്തില്‍ മുക്കി. ചെറിയ മഴയില്‍ ഇതാണ് അവസ്ഥയെങ്കില്‍ കാലവര്‍ഷം എത്തുന്നതോടെ സ്ഥിതി ഭയാനകമാവുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. റോഡുനവീകരണത്തില്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവവും, ഓവുചാലുകള്‍ വൃത്തിയാക്കാത്തതുമാണ് റോഡുകള്‍ വെള്ളത്തില്‍ മുങ്ങാന്‍ കാരണമായി പറയുന്നത്.

കാലവര്‍ഷത്തിന് മുമ്പായുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നഗരസഭാ പരിധിയില്‍ നടത്തിയിട്ടില്ലെന്നു പരാതിയുണ്ട്. മഴക്കാല പൂര്‍വ ശുചീകരണവുമായി അധികൃതര്‍ പ്രചാരണ രംഗത്ത് ഉണ്ടെങ്കിലും ഇത്തരം വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ അനക്കമില്ല. ഓടകള്‍ വൃത്തിയാക്കി വെള്ളം സുഖമമായി ഒഴുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ജനങ്ങള്‍ തിങ്ങിതാമസിക്കുന്ന താഴെഅങ്ങാടിയിലെ വിവിധ ഓടകള്‍ മാലിന്യങ്ങളാല്‍ നിറഞ്ഞു.

റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞതിനാല്‍ വേനല്‍ മഴയില്‍ തന്നെ വെള്ളം നിറഞ്ഞ് യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. പുത്തൂര്‍-അറക്കിലാട്‌വയല്‍പീടിക റോഡ് കഴിഞ്ഞ കാലവര്‍ഷത്തില്‍ വെള്ളത്തിനടിയിലായിരുന്നു. സ്കൂള്‍ വാഹനങ്ങളടക്കം മുടങ്ങിയതിനാല്‍ വിദ്യാര്‍ഥികളെ മുതിര്‍ന്നവര്‍ ചുമലിലേറ്റിയാണ് സ്കൂളിലെത്തിച്ചിരുന്നത്. വീട്ടുകാര്‍ ഒറ്റപ്പെട്ടു.  ഇത്തരം ദുരവസ്ഥകള്‍ പതിവായിട്ടും പരിഹാരം കാണാന്‍ ഇതുവരെ അധികൃതര്‍ക്കായിട്ടില്ല. കാലവര്‍ഷമെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇത്തവണ എന്തായിരിക്കും അവസ്ഥ എന്ന വേവലാതിയിലാണ് നാട്ടുകാര്‍.

Related posts