ജയില്‍ചാടിയ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി

pkd-jailവടക്കഞ്ചേരി: ജയില്‍ചാടി ബൈക്ക് മോഷണവും പിടിച്ചുപറിയുമായി നടന്നിരുന്ന യുവാവിനെ സ്കൂട്ടര്‍ യാത്രക്കാരി ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസിലേല്പ്പിച്ചു.കിഴക്കഞ്ചേരി പുന്നപ്പാടത്ത് വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയായ അമല്‍ജിത്തി (18) നെയാണ് നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിനെത്തുടര്‍ന്ന് പിടികൂടിയത്. മറ്റു നിരവധി മോഷണകേസുകളില്‍ പ്രതിയായ യുവാവ് കോഴിക്കോട് ജുവനൈല്‍ ഹോമില്‍ കഴിയവേ കഴിഞ്ഞ 22 നാണ് ജയില്‍വാതിലിന്റെ പൂട്ട് പൊളിച്ച് മതില്‍ചാടി രക്ഷപ്പെട്ടത്.

അവിടെ നിന്നു തീവണ്ടിമാര്‍ഗം കുറ്റിപ്പുറത്തെത്തി അവിടെ നിന്നും ബൈക്ക് മോഷ്ടിച്ച് വ്യാഴാഴ്ച വൈകുന്നേരമാണ് വടക്കഞ്ചേരിയിലെത്തിയത്. ബൈക്കില്‍ കറങ്ങുന്നതിനിടെ കമ്മാന്തറയില്‍ വെച്ച് സ്കൂട്ടര്‍ നിര്‍ത്തി ഫോണില്‍ സംസാരിക്കുകയായിരുന്ന സ്ത്രീയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ യുവതി ചെറുത്തതിനെത്തുടര്‍ന്ന് ശ്രമം വിഫലമായി. സ്കൂട്ടര്‍ യാത്രക്കാരി യുവാവിന്റെ ബൈക്കിനെ പിന്‍തുടര്‍ന്നു. ഇതിനിടെ യുവാവിന്റെ ബൈക്ക് മറ്റൊരു സ്കൂട്ടറിലിടിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിന്നീട് കുണ്ടുകാട് നിന്നാണ് പിടികൂടിയത്.

കുണ്ടുകാട് എടിഎം കൗണ്ടറിനു മുന്നില്‍ ബൈക്കില്‍ സംശയാസ്പദമായ  സാഹചര്യത്തില്‍ നിന്നിരുന്ന യുവാവിനെ ഇന്നലെ പുലര്‍ച്ചെ പിടികൂടിയെന്നാണ് പോലീസ് പറയുന്നത്. 15 വയസില്‍ മോഷണം തുടങ്ങിയ യുവാവിനെതിരെ വിവിധ ജില്ലകളിലായി 14 മോഷണകേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട് കസബ, ചേവായൂര്‍, വെള്ളയില്‍, പാലക്കാട് സൗത്ത്, ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം, വടക്കഞ്ചേരി തുടങ്ങിയ സ്റ്റേഷനുകളിലാണ് കേസുകളുള്ളത്. വടക്കഞ്ചേരി സ്റ്റേഷനില്‍ നാലു കേസുകളുണ്ട്.

ഓംനി, ഓട്ടോറിക്ഷ, ബൈക്കുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയാണ് മോഷണത്തില്‍ കൂടുതലും. മോഷ്ടിച്ചുകൊണ്ടുപോയ ഓട്ടോറിക്ഷയിടിച്ച് ചിറ്റൂരില്‍ ഒരാള്‍ മരിച്ച കേസിലും യുവാവ് പ്രതിയാണ്. എസ്‌ഐ കെ. നാരായണന്‍, സീനിയര്‍ പോലീസ് ഓഫീ—സര്‍മാരായ എ. അനസ്, ശശിധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.

Related posts