കോട്ടയം: രണ്ടു ഹൃദയമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെ നിരവധി അവയവദാന ശസ്ത്രക്രിയകള്‍ക്കു നേതൃത്വം വഹിച്ച കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് ഇന്നലെ രാത്രി നടന്നത് അത്യപൂര്‍വ ശസ്ത്രക്രിയ. ചങ്ങനാശേരി ശാന്തിപുരം അരീക്കല്‍ ഗോപകുമാര്‍(28)ന്റെ ഹൃദയം, ശ്വാസകോശം, വൃക്ക, കരള്‍, കണ്ണ് എന്നീ അവയവങ്ങളാണ് ഏഴു പേരില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത്.
ഹൃദയം ചെന്നൈ ഫോര്‍ത്തിസ്മലര്‍ ആശുപത്രിയിലേക്കും ശ്വാസകോശം ചൈന്നൈയിലെ തന്നെ ഗ്ലോബല്‍ ആശുപത്രിയിലേക്കും വലതു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും ഇടതു വൃക്ക എറണാകുളം മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിലേക്കും കണ്ണുകള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കുമാണ് കൊണ്ടു പോയിരിക്കുന്നത്. അവയവങ്ങള്‍ ശരീരത്തില്‍നിന്നു മാറ്റുന്ന ശസ്ത്രക്രിയ ഇന്നലെ രാത്രി 10.30ന് വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആരംഭിച്ചു. പുലര്‍ച്ചയോടെയാണ് അവയവങ്ങളുമായി ആംബുലന്‍സ് വിവിധ ആശുപത്രികളിലേക്കു തിരിച്ചത്.
അപകടത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗോപകുമാറിന് ഇന്നലെ രാവിലെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്നാണ് ഗോപകുമാറിന്റെ അവയവങ്ങള്‍ ദാനം ചെയ്യുവാന്‍ ബന്ധുക്കള്‍ ആശുപത്രി അധികൃതരെ സന്നദ്ധത അറിയിച്ചത്. ഇതിനെത്തുടര്‍ന്ന് കാരിത്താസ് ആശുപത്രി അധികൃതര്‍ സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതുസഞ്ജീവന പദ്ധതിയിലൂടെ വിവിധ ആശുപത്രികളുമായി ബന്ധപ്പെട്ട് അവയവദാനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുകയായിരുന്നു.
അവയവദാന ശസ്ത്രക്രിയകള്‍ക്കായി ആശുപത്രിയിലെ മുഴുവന്‍ ഡോക്ടര്‍മാരും ജീവനക്കാരും ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രിയിലെത്തിയിരുന്നു. ആശുപത്രി ഡയറക്ടര്‍ ഫാ.തോമസ് ആനിമൂട്ടില്‍, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ബോബന്‍ വട്ടംപുറത്ത്, ഫാ. ജോണ്‍ പൂച്ചക്കാട്ടില്‍, ഫാ. ജിനുകാവില്‍, അസോസിയേറ്റ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.സാജന്‍ തോമസ്, ന്യൂറോ സര്‍ജന്‍ ഡോ.ഐപ്പ് വി. ജോര്‍ജ്, അനസ്‌തേഷ്യറ്റ് ഡോ. കെവിന്‍ ടി. കോശി, ഡോ. ജോസഫ് സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അവയവദാന ശസ്ത്രക്രിയയ്ക്ക് ആശുപത്രിയില്‍ ക്രമീകരണം ഒരുക്കിയത്.