പരവൂര്‍: മത്സരകമ്പത്തിലേയ്ക്ക് വഴി തെളിച്ചത് രാഷ്ട്രീയ ഇടപെടലാണെന്ന് വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘത്തിന് മുമ്പാകെ ക്ഷേത്രഭരണസമിതി സെക്രട്ടറിയുടെ മൊഴി. വിദഗ്ധസംഘത്തിന്റെ തെളിവെടുപ്പിനിടെ ക്ഷേത്രഭരണസമിതി സെക്രട്ടറി ജെ കൃഷ്ണന്‍ കുട്ടിപ്പിള്ളയാണ് മൊഴി നല്‍കിയത്. ഇതേക്കുറിച്ച് കൃഷ്ണന്‍കുട്ടിപിള്ള വിശദീകരിച്ചുതുടങ്ങിയയുടന്‍ മാധ്യമപ്രവര്‍ത്തകരെ കമ്മിഷന്‍ ഒഴിവാക്കുകയും ചെയ്തു. നാല് ലക്ഷത്തിപതിനായിരം രൂപയാണ് കമ്പത്തിനായി നീക്കിവച്ചതെന്ന് മൊഴിയില്‍ പറയുന്നു. വര്‍ക്കല കൃഷ്ണന്‍കുട്ടിയെയും കഴക്കൂട്ടം സുരേന്ദ്രനേയുമാണ് മത്സരക്കമ്പത്തിനായി നിയോഗി ച്ചത്. ഒരു ലക്ഷം രൂപ അഡ്വാന്‍സായി നല്‍കി.
ഇരുകരാറുകാര്‍ക്കും ലൈസന്‍സുണ്ടായിരുന്നു. 50,000 പനയോലകള്‍, 60 അമിട്ട്, ഏഴോ എട്ടോ സൂര്യകാന്തി അമിട്ട് എന്നിവയാണ് പടക്കത്തിനും പെരുക്കത്തിനും വേണ്ടി തയ്യാറാക്കിയത്. കമ്പപ്പുരയുടെ താക്കോല്‍ കരാറുകാരെ ഏല്‍പ്പിച്ചിരുന്നുവെന്നും കൃഷ്ണന്‍കുട്ടിപ്പിള്ള മൊഴി നല്‍കി.ഏപ്രില്‍ എട്ടിന് ജില്ലാ കളക്ടറെ കണ്ടപ്പോള്‍ മത്സരകമ്പം നടത്താന്‍ പറ്റില്ലെന്ന് പറഞ്ഞതായി കൃഷ്ണന്‍കുട്ടിപ്പിള്ള വെളിപ്പെടുത്തി. ഈ സമയം എഡിഎമ്മും കളക്ടറുടെ മുറിയിലുണ്ടായിരുന്നു. പിന്നീട് പരവൂര്‍ സിഐയെയും ചാത്തന്നൂര്‍ എസിപിയെയും കാണാന്‍ പോയി.
ഈ സമയം മത്സരക്കമ്പം നിരോധിച്ചുകൊണ്ടുള്ള കളക്ടറുടെ ഉത്തരവ് ഫാക്‌സിലെത്തി. വില്ലേജ് ഓഫീസില്‍ നിന്നാണ് ഇതിന്റെ പകര്‍പ്പ് വാങ്ങിയത്. തുടര്‍ന്ന്് രാഷ്ട്രീയ ഇടപെടല്‍ നടന്നുവെന്നാണ് കൃഷ്ണന്‍കുട്ടിപ്പിള്ളയുടെ മൊഴി. മുന്‍ എംപി കൂടിയായ കോണ്‍ഗ്രസ് നേതാവാണ് ഇതില്‍ പ്രധാന പങ്ക് വഹിച്ചത്. താന്‍ ഉള്‍പ്പെടുന്ന ക്ഷേത്രകമ്മിറ്റിയുടെ കാലാവധി തീര്‍ന്നിരുന്നതായി കമ്മിഷന്‍ അംഗങ്ങളുടെ ചോദ്യത്തിന് സെക്രട്ടറി മറുപടി നല്‍കി. മാര്‍ച്ചിലാണ് കാലാവധി അവസാനിച്ചത്.
എന്നാല്‍ ഉത്സവം കഴിഞ്ഞിട്ട് പദവി ഒഴിഞ്ഞാല്‍ മതിയെന്ന നിര്‍ദേശ പ്രകാരമാണ് സ്ഥാനം രാജിവയ്ക്കാതിരുന്നതെന്നും കൃഷ്ണന്‍കുട്ടിപ്പിള്ള പറഞ്ഞു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് പിഎസ് ജയലാല്‍ ഉള്‍പ്പെടെ റിമാന്‍ഡിലുള്ള 15ഓളം പേരില്‍ നിന്ന് കമ്മിഷന്‍ മൊഴിയെടുത്തു. ഇതില്‍ കരാറുകാര്‍ക്ക് വെടിമരുന്ന് നല്‍കിയ ജിഞ്ചു, സിയാദ് എന്നിവരും കരാറുകാരുടെ തൊഴിലാളികളും ഉള്‍പ്പെടുന്നു. ജിഞ്ചുവിനും സിയാദിനും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.