മുത്തശിയുടെ സംസ്കാരത്തിനെത്തിയ പ്രിയങ്കയുടെ ചിത്രമെടുക്കാന്‍ മത്സരിച്ച് ആരാധകര്‍

ktm-priyankaകോട്ടയം: ബോളിവുഡിലെ സൂപ്പര്‍ നായിക പ്രിയങ്കാ ചോപ്ര മുത്തശി മേരി അക്യൂറിയുടെ സംസ്കാര ചടങ്ങുകള്‍ക്കായി കോട്ടയത്ത് എത്തിയെന്ന വിവരം കാട്ടുതീ പോലെയാണു നാട്ടില്‍ പടര്‍ന്നതെങ്കിലും പലരും വിശ്വസിച്ചില്ല. പ്രിയങ്കയെപ്പോലൊരു സൂപ്പര്‍താരം ഇവിടേക്ക് എത്തുമോയെന്ന സംശയമായിരുന്നു പലര്‍ക്കും. മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്ന പരുത്തുംപാറയിലെ ബന്ധുവീട്ടിലും സംസ്കരിക്കുന്ന പൊന്‍കുന്നത്തെ പള്ളിയിലും പ്രിയങ്ക എത്തുമെന്ന വാര്‍ത്ത അറിഞ്ഞവരൊക്കെ താരത്തെ കാണാന്‍ ആവേശത്തോടെ എത്തി.

മരണ വീടാണെന്നോ താരം മുത്തശി മരിച്ചതിന്റെ ദുഃഖത്തിലാണെന്നതോ ഒന്നും ആരാധകരെ പിന്തിരിപ്പിച്ചില്ല. പലരും ഔചിത്യമൊക്കെ മറന്ന് താരത്തെ കാമറയിലും മൊബൈല്‍ ഫോണ്‍ കാമറയിലും പകര്‍ത്താന്‍ മത്സരിച്ചു.   താരത്തോടു ചേര്‍ന്നുനിന്നു കാമറയില്‍ മുഖം കാണിക്കാനും പലരും മടിച്ചില്ല. സംസ്കാരത്തിനു ശേഷവും പ്രിയങ്കയോടൊപ്പം നിന്നു ചിത്രവും പകര്‍ത്തിയാണു പലരും മടങ്ങിയത്.
പരുത്തുംപാറയില്‍ ബന്ധുവീടായ കരിമാങ്കല്‍ ഡോ.സൂസന്ന ജോസിന്റെ വീട്ടിലേക്കാണ് മേരി അക്യൂറിയുടെ മൃതദേഹം കൊണ്ടുവന്നത്.

പ്രിയങ്കയും കുടുംബാംഗങ്ങളും ഇവിടേക്കാണ് എത്തിയത്. പ്രിയങ്ക എത്തിയ വിവരം കുറെപ്പേരൊക്കെ അറിഞ്ഞ് എത്തിയപ്പോഴേക്കും അവര്‍ പൊന്‍കുന്നത്തേക്കു പോയിരുന്നു. പൊന്‍കുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയിലായിരുന്നു സംസ്കാര ശുശ്രൂഷകള്‍. അടുത്ത പ്രദേശങ്ങളില്‍നിന്നുള്ളവരൊക്കെ പ്രിയങ്ക വരുമെന്ന വിവരമറിഞ്ഞു പള്ളിയില്‍ എത്തിയിരുന്നു.

മേരി ക്യൂറിയുടെ അന്ത്യാഭിലാഷ പ്രകാരം കുമരകം ആറ്റാമംഗലം പള്ളിയില്‍ സംസ്കാരം നടത്താനാണ് ബന്ധുക്കള്‍ ആഗ്രഹിച്ചിരുന്നതെങ്കിലും അനുവാദം കിട്ടാതിരുന്നതിനാല്‍ പൊന്‍കുന്നത്തേക്കു മാറ്റുകയായിരുന്നു. ബോക്‌സിംഗ് താരം മേരി കോമിന്റെ ജീവിതകഥയിലെ നായികയായി അഭിനയിച്ചു ഏറെ അഭിന്ദനവും ശ്രദ്ധയും നേടി താരമാണ് പ്രിയങ്ക ചോപ്ര. മലയാളിയായ മേരി ക്യൂറിയും ഭര്‍ത്താവും ബിഹാറിലെ എംഎല്‍സിമാരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Related posts