കൊച്ചി: എറണാകുളത്ത് സിപിഐ പ്രവര്‍ത്തകരുടെ മാർച്ചിനു നേരെ ലാത്തിച്ചാർജ് നടത്തിയ സംഭവത്തിൽ പോലീസുകാർക്കെതിരേ നടപടിയെടുക്കേണ്ടതില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കളക്ടറുടെ റിപ്പോർട്ടിൽ പോലീസുകാരുടെ പിഴവുകൾ എടുത്തു പറയുന്നില്ലെന്നും ഇതിനാൽ നടപടിയെടുക്കേണ്ട ആവശ്യമില്ലെന്നും ആഭ്യന്തരസെക്രട്ടറിയെ ഡിജിപി അറിയിച്ചു.
സിപിഐ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാവുകയും ബാരിക്കേഡ് തകര്‍ക്കുകയും പോലീസിന്റെ നേര്‍ക്ക് കല്ലേറടക്കമുള്ള സംഭവങ്ങളുണ്ടായെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. പതിനെട്ട് സെക്കൻഡ് മാത്രമാണ് പോലീസ് നടപടിയുണ്ടായതെന്നും ഇതിൽ വ്യക്തമാക്കുന്നു. കാര്യമായ ബലപ്രയോഗം ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.
ഇക്കാര്യത്തിൽ, സർക്കാരിന്റെ തീരുമാനം വന്നശേഷം പ്രതികരിക്കാമെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് വന്നതിനുശേഷം പ്രതികരണം ഉണ്ടാകുമെന്ന് എൽദോ എബ്രഹാം എംഎൽഎയും വ്യക്തമാക്കി. ഞാറയ്ക്കൽ സിഐയെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെയാണ് ലാത്തിചാര്‍ജ് ഉണ്ടായത്.