ഗ്ലാസ് പൗഡര്‍ പുരട്ടിയ പട്ടത്തിന്റെ നൂല്‍ തൊണ്ടയില്‍ കുടുങ്ങി; ശ്വാസനാളി മുറിഞ്ഞ് യുവ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം; അപകടത്തിനിടയാക്കിയ ചൈനീസ് പട്ടം രാജ്യത്ത് നിരോധിച്ചിട്ടുള്ളത്…

രാജ്യത്ത് നിരോധിച്ച ഗ്ലാസ് പൗഡര്‍ പുരട്ടിയ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. പശ്ചിമ വിഹാറിലാണ് സംഭവം. ബുദ്ധ വിഹാര്‍ സ്വദേശി മാനവ് ശര്‍മ (28) ആണ് മരിച്ചത്. സിവില്‍ എന്‍ജിനീയറായ മാനവ് സഹോദരിമാര്‍ക്കൊപ്പം ബന്ധുവീട്ടിലേക്കു പോകും വഴിയാണ് അപകടത്തില്‍പെട്ടത്. ശ്വാസനാളി മുറിഞ്ഞുപോയതിനെത്തുടര്‍ന്നാണ് മാനവ് മരണപ്പെട്ടത്.

സുപ്രീംകോടതി നിര്‍ദേശമനുസരിച്ച് രാജ്യത്ത് നിരോധിച്ച ഗ്ലാസ് പൗഡര്‍ കോട്ടിങ്ങുള്ള ചൈനീസ് പട്ടമാണ് അപകടത്തിനു ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഗ്ലാസ് പൗഡര്‍ കോട്ടിങ്ങുള്ള ഇത്തരം നൂലുകള്‍ ഉപയോഗിക്കുന്ന പട്ടങ്ങളുടെ നിര്‍മാണവും വിതരണവും രാജ്യത്ത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പശ്ചിമ വിഹാര്‍ പ്രദേശത്തെ ഫ്ളൈ ഓവറിനു സമീപത്തായിരുന്നു അപകടം. പട്ടത്തിന്റെ നൂല്‍, ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു മാനവ് ശര്‍മയുടെ കഴുത്തില്‍ ചുറ്റുകയും തൊണ്ടയില്‍ അസാധാരണമായ വിധം മുറിവുണ്ടാക്കുകയും ചെയ്തു.

സ്‌കൂട്ടര്‍ നിയന്ത്രിക്കാന്‍ പോലുമാകാതെ മാനവ് ശര്‍മ താഴെ വീണു. ഉടന്‍ മാനവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഒപ്പം സഞ്ചരിച്ചിരുന്ന സഹോദരിമാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് ഐപിസി 304ാം വകുപ്പ് പ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസം വരെ നഗരത്തില്‍ പട്ടത്തിന്റെ നൂലു കുടുങ്ങി 15 അപകടങ്ങള്‍ നടന്നതായി ഡല്‍ഹി പൊലീസ് പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഈ മേഖലയില്‍ ആളുകള്‍ പട്ടം പറത്താറുണ്ട്.

Related posts