സര്‍ക്കാര്‍ ഓഫീസുകള്‍ക്കിടയില്‍ മാലിന്യ സംഭരണം; പന്തളം നഗരം ദുര്‍ഗന്ധപൂരിതം

alp-wasteപന്തളം: നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ പ്ലാന്റിന്റെ ചുറ്റോടുചുറ്റും  മാലിന്യം നിറഞ്ഞതോടെ പന്തളത്ത് ദുര്‍ഗന്ധം മൂലം പൊതുജനം പൊറുതിമുട്ടി. മാസങ്ങളായി കെട്ടിക്കിടക്കുന്ന മലിനജലം ഉയര്‍ത്തുന്ന പകര്‍ച്ചവ്യാധി ഭീഷണി വേറെയും. പന്തളം ചന്തയുടെ കിഴക്ക് ഭാഗത്താണ് മാലിന്യ പ്ലാന്റ്.  തൊട്ടു ചേര്‍ന്നാണ് പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ പലതും. ചന്തയിലെ വ്യാപാരികളും ഓഫീസുകളിലെ ജീവനക്കാരും പൊതുജനങ്ങളും മാലിന്യം മൂലം വലിയ ബുദ്ധിമുട്ടിലായി കഴിഞ്ഞു. മുട്ടാര്‍ നീര്‍ച്ചാലിനും പന്തളം-മാവേലിക്കര റോഡിനും ഇടയില്‍ കുറുന്തോട്ടയം പാലം മുതല്‍ കെഎസ്ആര്‍ടിസി സ്റ്റാന്റ് വരെയുള്ള വിസ്തൃതമായ സ്ഥലത്താണ് സര്‍ക്കാര്‍ ഓഫീസുകള്‍ ഏറെയും.

സ്വകാര്യ ബസ് സ്റ്റാന്റ്, ട്രഷറി, നഗരസഭാ ഓഫീസ്, കെഎസ്ഇബി, പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടം, കുടുംബശ്രീ വനിതാ കാന്റീന്‍, ചന്ത, കെഎസ്ആര്‍ടിസി സ്റ്റാന്റ് എന്നിവ ഒരേ വളപ്പിലാണ്. ഇതിനിടയിലാണ് മാലിന്യ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ബയോഗ്യാസ് പ്ലാന്റിന്റെ സംസ്കരണ ശേഷിയുടെ പതിന്മടങ്ങ് മാലിന്യമാണ് ഇവിടെ എത്തുന്നത്. ഇവ പ്ലാന്റ് പ്രവര്‍ത്തിക്കുന്ന ഷെഡിനു ചുറ്റുമായി വര്‍ഷങ്ങളായി കൂട്ടിയിട്ടിരിക്കുകയാണ്.

പ്ലാന്റിന് കേടുപാടുകളുമുണ്ട്. ടാങ്ക് പൊട്ടി മലിനജലം പുറത്തേക്കൊഴുകുന്നു. ഏകദേശം 200 മീറ്റര്‍ ചുറ്റളവിലെങ്കിലും ദുര്‍ഗന്ധം വ്യാപിച്ചിരിക്കുന്നു. പ്ലാന്റിന്റെ വളപ്പിനോട് തൊട്ടുചേര്‍ന്നാണ് കുടുംബശ്രീയുടെ വനിതാ കാന്റീന്‍. സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കം ഇവിടെ ഭക്ഷണത്തിനെത്തിയിരുന്നെങ്കിലും ഇപ്പോള്‍ കടുത്ത ദുര്‍ഗന്ധം കാരണം ആളുകള്‍ കുറഞ്ഞു. 2010ല്‍ ബ്ലോക്ക് ഓഫീസ് ആസ്ഥാനം കുളനടയിലേക്ക് മാറ്റിയതോടെ പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടം ഇവിടെ അനാഥമായി കിടക്കുകയാണ്.

ഇരുനില കെട്ടിടത്തിന്റെ മുകളിലും താഴെയുമായി ഐസിഡിഎസ്, ക്ഷീരവികസനം എന്നിവയുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. വിസ്തൃതമായ കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളെല്ലാം ചോര്‍ന്നൊലിച്ചും പൊടി പിടിച്ചും കിടക്കുന്നു. മിക്ക സര്‍ക്കാര്‍ ഓഫീസുകളുടെയും പിന്‍ഭാഗം സാമൂഹ്യവിരുദ്ധര്‍ കയ്യടക്കിയിരിക്കുന്നു. ഇവിടങ്ങളിലെല്ലാം മദ്യപാനത്തിന്റെ ശേഷിപ്പുകള്‍ കുന്നുകൂടി കിടക്കുന്നു. കാര്‍ പോര്‍ച്ചിനു വശത്തും മാലിന്യ കൂമ്പാരമുണ്ട്.

പ്രധാന കവലയില്‍ പുല്ലു നീക്കം ചെയ്തും വൃക്ഷത്തൈ നട്ടും പരിസ്ഥിതി ദിനം കടന്നു പോയി. സകല പകര്‍ച്ചവ്യാധികള്‍ക്കും കാരണമായേക്കാവുന്ന നഗരമധ്യത്തിലെ മാലിന്യശേഖരത്തിലേക്ക് ആരും കണ്ണോടിച്ചില്ല. വലിയ പ്രതീക്ഷ നല്കി അധികാരത്തിലെത്തിയ നഗരസഭാ ഭരണസമിതിയാകട്ടെ, ഇതൊന്നും കണ്ട ഭാവം നടിക്കുന്നുമില്ല.

Related posts