അഗളി: ഒരു വര്‍ഷമായി ദിവസേന വെള്ളമൊഴിച്ച്, സ്വയം നട്ടുവളര്‍ത്തിയ തൈകള്‍ നേഴ്സറിയില്‍ നിന്നും പിഴുതെടുക്കുമ്പോള്‍ ആദിവാസി കുട്ടികളുടെ കൂട്ടായ്മയായ കാര്തുമ്പിയിലെ കൂട്ടുകാരായ പൊന്മണിയുടെയും റോജയുടെയും മുഖത്ത് ആത്മാഭിമാനത്തിന്റെ പുഞ്ചിരി. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ആദിവാസി കുട്ടികളുടെ കൂട്ടായ്മയായ “കാര്‍തുമ്പി’ കള്ളക്കരയില്‍ നേഴ്സറി നിര്‍മ്മിക്കാനായി വിത്തുകള്‍ പാകിയത്. വര്‍ഷംതോറും ജലനിരപ്പ് താഴുന്ന ശീര്‍വാണി, ഭവാനി പുഴകളുടെ സംരക്ഷണത്തിനായി പുഴകളുടെ കരകളിലായി മരതൈകള്‍ നട്ടുവളര്‍ത്തുകയായിരുന്നു ലക്ഷ്യം.
പൂര്‍ണ്ണ വളര്‍ച്ച പ്രാപിച്ച 2000 ത്തിലധികം തൈകളടങ്ങുന്ന നേഴ്സറി ദിവസേന വെള്ളമൊഴിച്ച് പരിപാലിച്ചത് പൊന്മണിയുടെയും റോജയുടെയും നേതൃത്വത്തിലുള്ള കാര്‍തുമ്പി കൂട്ടുകാരാണ്. ആദിവാസി സംഘടനയായ “തമ്പ്’-ലെ പ്രവര്‍ത്തകരും ഊരുകാരും അവരുടെ സഹായത്തിനെത്തി. തളിര്‍ത്ത് നിന്ന ആ തൈകള്‍ ശീരുവാണിയോരത്ത് നട്ടുപിടിപ്പിച്ചുകൊണ്ടായിരുന്നു ഈ വര്‍ഷത്തെ പരിസ്ഥിതി വാരാചരണത്തിന് കാര്‍തുമ്പി കൂട്ടുകാര്‍ തുടക്കം കുറിച്ചത്. “തമ്പ്’ പ്രവര്‍ത്തകര്‍ പുഴയോരത്ത് കുഴികളെടുത്ത് കുട്ടികള്‍ക്ക് സഹായികളായി. കള്ളക്കര ഊര് മണ്ണൂക്കാരന് നാഗന് ഗോത്രപൂജ ചെയ്ത് തൈകള്‍ നടുന്നതിന് നേതൃത്വം നല്കി. ആര്. പൊന്മണി ആദ്യ തൈ നട്ട് വാരാചരണം ഉദ്ഘാടനം ചെയ്തു.
അട്ടപ്പാടി ലേബര്‍ ഓര്ഗനൈസേഷന് സെക്രട്ടറി കാളിസ്വാമിയും പ്രവര്‍ത്തകരും കാര്‍തുമ്പി കൂട്ടുകാരെ സഹായിച്ചു. ആദ്യ ദിവസം അമ്പതോളം തൈകളാണ് നട്ടുപിടിപ്പിച്ചത്.മാവ്, പ്ലാവ്, ആഞ്ഞിലി, തേക്ക്, അരയാല്‍ തുടങ്ങി വിവിധ തരം മരതൈകളാണ് നട്ടുപിടിപ്പിച്ചത്. വരും ദിവസങ്ങളിലും തൈകള്‍ നടുമെന്ന് “തമ്പ്’-ന്റെയും “കാര്‍തുമ്പി’യുടെയും ഭാരവാഹികള്‍ അറിയിച്ചു.വിവിധ ഊരുകളില്‍ നിന്നായി അമ്പതോളം കുട്ടികള്‍ പങ്കെടുത്തു.
തമ്പ് കണ്‍വീനര്‍ കെ.എ. രാമു, കാര്‍തുമ്പി രക്ഷാധികാരി ലക്ഷ്മി ഉണ്ണികൃഷ്ണന്, കാര്‍തുമ്പി പ്രസിഡന്റ് മനു, പി.കെ. മുരുകന്, കെ. മരുതന്, കെ. മരുതി, കെ.എന്‍. രമേശ്, വി.എസ്. മുരുകന് എന്നിവര്‍ നേതൃത്വം നല്കി.പരിസ്ഥിതി സംഘടനയായ ജെയ്ജി പീറ്റര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിസ്ഥിതി പഠന ക്ലാസ്സുകള്‍ അട്ടപ്പാടിയിലെ സ്കൂളുകളില്‍ ആരംഭിക്കുമെന്ന് “തമ്പ്’ പ്രസിഡന്റ് രാജേന്ദ്രപ്രസാദ് അറിയിച്ചു.