തൊടുപുഴ: കഴിഞ്ഞ വർഷത്തെ ഓണം പ്രളയം കവർന്നപ്പോൾ തകർന്നടിഞ്ഞ ടൂറിസം മേഖല ഇത്തവണ പ്രതീക്ഷയിൽ. ഇത്തവണ ഒരാഴ്ചത്തെ ഓണാവധിക്കാലത്ത് ടൂറിസം കേന്ദ്രങ്ങളിലേക്ക് സന്ദർശകരുടെ വരവുണ്ടാകുമെന്നാണ് പ്രതീക്ഷ. മഴ തുടരുന്നതു മൂലം കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെങ്കിലും അടുത്ത ദിവസങ്ങളിൽ ഇതിനു മാറ്റം വരുമെന്നാണ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ കരുതുന്നത്.
സാധാരണ അവധിക്കാലം ആഘോഷിക്കാൻ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഏറ്റവും കൂടുതൽ സന്ദർശകർ ഒഴുകിയെത്തുന്നതും ഈ സമയത്താണ്.
ഇടുക്കി ആർച്ച്ഡാമും ചെറുതോണി ഡാമും ഓണത്തോടനുബന്ധിച്ച് സഞ്ചാരികൾക്കായി തുറന്നിട്ടുണ്ട്. ഈ മാസം ഒന്നു മുതൽ തുടങ്ങിയ ഡാം സന്ദർശനം അടുത്ത മാസം 30 വരെയുണ്ട്. വർഷത്തിൽ രണ്ടു തവണ മാത്രമാണ് ഇടുക്കി അണക്കെട്ട് സന്ദർശകർക്കായി തുറക്കുന്നത്. ഓണക്കാലത്തും പുതുവൽസര സമയത്തും. ഈ സമയം ജലാശയത്തിൽ ബോട്ടിംഗ് നടത്താൻ അവസരമുള്ളതിനാൽ ഇതു കൂടി പ്രയോജനപ്പെടുത്താൻ ഒട്ടേറെ തദ്ദേശീയരും വിദേശീയരുമായ സഞ്ചാരികളാണ് എത്തുന്നത്. രണ്ടാഴ്ച അണക്കെട്ടുകൾ സന്ദർശിക്കാൻ അവസരമുണ്ട്.
ഇതോടൊപ്പം കുളമാവ് ഡാമും സന്ദർശനത്തിലുൾപ്പെടുത്താം.വിനോദ സഞ്ചാരികൾക്കായി വിരുന്നൊരുക്കി കാത്തിരിക്കുകയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളായ തേക്കടിയും മൂന്നാറും വാഗമണും. തേക്കടിയുടെ കാനന ഭംഗി നുകരാനും ബോട്ടിംഗ് നടത്താനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
മൂന്നാറിലെ മഞ്ഞു പുതച്ച മലനിരകളും മാട്ടുപ്പെട്ടിയും ഇരവികുളം ദേശീയോദ്യാനവും ആനയിറങ്കലും കാണാൻ ഓണനാളുകളിൽ തിരക്കേറും. കൂടാതെ മറയൂർ, ചിന്നാർ വന്യമൃഗ സങ്കേതത്തിലേക്ക് യാത്രയുമാവാം. ഉൽസവ സീസണുകളിൽ വലിയ തിരക്കനുഭവപ്പെടുന്ന വാഗമണ്ണും സന്ദർശകരെ കാത്തിരിക്കുകയാണ്. പച്ചപുതച്ച പുൽമേടുകളും പൈൻമരക്കാടുമാണ് പ്രധാന ആകർഷണം. സാഹസിക യാത്രാകന്പക്കാരായ യുവജനങ്ങളാണ് വാഗമണ്ണിലെ പ്രധാന സന്ദർശകർ.
ഇതിനു പുറമെ പീരുമേട്ടിൽ കുട്ടിക്കാനം, പാൽക്കുളംമേട്, പരുന്തുംപാറ എന്നിവിടങ്ങളിലേക്കും അവധിക്കാലം ഉല്ലസിക്കാനായി സന്ദർശകരെത്തും. തണുപ്പും മഴയും ഇപ്പോൾ സന്ദർശകരുടെ എണ്ണം കുറച്ചിട്ടുണ്ട്. മൂന്നാറിലേക്കുള്ള സഞ്ചാരികൾക്ക് യാത്രയിൽ വാളറ, ചീയപ്പാറ വെള്ളച്ചാട്ടങ്ങളുടെ മനം മയക്കുന്ന കാഴ്ചയുടെ വിരുന്ന് സമ്മാനിക്കും.
തൊടുപുഴയ്ക്കു സമീപം തൊമ്മൻകുത്ത് വെള്ളച്ചാട്ടവും കാറ്റാടിക്കടവ് ടൂറിസ്റ്റ് കേന്ദ്രവും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ഇതിനു സമീപത്തു തന്നെയുള്ള ആനചാടിക്കുത്ത് വെള്ളച്ചാട്ടം കാണാനും ഒട്ടേറെപ്പേർ എത്തിത്തുടങ്ങിയിട്ടുണ്ട്. കട്ടപ്പനയ്ക്കു സമീപം കാഞ്ചിയാർ അഞ്ചുരുളിയും ഇടുക്കി ജലാശയത്തിന്റെ മനോഹര ദൃശ്യമാണ് കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത്.
രണ്ടു ദിവസത്തിനു ശേഷം ആരംഭിക്കുന്ന ഓണാവധി ദിനങ്ങളിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത്തരത്തിൽ മനോഹര ദൃശ്യങ്ങളുമായി സഞ്ചാരികളെ മാടി വിളിക്കുന്ന ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവർ ഇവിടങ്ങളിലെ അപകട മുന്നറിയിപ്പുകൾ അവഗണിക്കരുതെന്ന് ടൂറിസം വകുപ്പ് സൂചന നൽകുന്നു. ജലാശയങ്ങളും വെള്ളച്ചാട്ടങ്ങളും മറ്റും അപകടം പതിയിരിക്കുന്നവയാണ്.
അതിനാൽ അവധിക്കാലം ആഘോഷിക്കാനെത്തുന്നവർ മറഞ്ഞിരിക്കുന്ന അപകടക്കെണികളിൽപ്പെടാതെ ജാഗ്രത പാലിക്കണം. ഇടുക്കിയിലേക്ക് അവധിക്കാലം ആഘോഷിക്കാനെത്തുന്നവർക്ക് കെടിഡിസി ഹോട്ടലുകളിലോ സർക്കാർ അതിഥി മന്ദിരങ്ങളിലോ സ്വകാര്യ റിസോർട്ടുകൾ, ലോഡ്ജുകൾ, ഹോം സ്റ്റേകൾ എന്നിവിടങ്ങളിലോ താമസിക്കാൻ സൗകര്യമുണ്ട്.