റാസ് ബൗള്‍: കോപ്പ അമേരിക്ക ശതാബ്തി ഫുട്ബോളില്‍ ഗ്രൂപ്പ് ബിയില്‍നിന്ന് വെനസ്വേലയ്ക്കു പിന്നാലെ മെക്സിക്കോയും ക്വാര്‍ട്ടറില്‍. ആദ്യ മത്സരത്തില്‍ ഉറുഗ്വെയെ കീഴടക്കിയ മെക്സിക്കോ രണ്ടാം മത്സരത്തില്‍ ജമൈക്കയെയും പരാജയപ്പെടുത്തി. ജമൈക്കയെ മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു മെക്സിക്കോ കീഴടക്കിയത്. ഇതോടെ മെക്സിക്കോയ്ക്കും രണ്ടു മത്സരങ്ങളില്‍നിന്ന് ആറു പോയിന്റായി.
മത്സരത്തിലുടനീളം മേധാവിത്തം പുലര്‍ത്തിയ മെക്സിക്കോ 18-ാം മിനിറ്റില്‍ ജമൈക്കന്‍ ഗോള്‍ വല കുലുക്കി. ജീസസ് മാനുവേല്‍ കൊറോണയുടെ ക്രോസില്‍നിന്ന് ഹെഡറിലൂടെ ഹാവിയര്‍ ഹെര്‍ണാണ്ടസാണ് മെക്സിക്കോയുടെ ആദ്യ ഗോള്‍ നേടിയത്. 81-ാം മിനിറ്റില്‍ ഒറിബെ പെരാള്ട്ടയിലൂടെ മെക്സിക്കോ ലീഡ് 2-0 ആക്കി. ഹെക്ടര്‍ ഹെരേരയുടെ പാസ് സ്വീകരിച്ച ഒറിബെ ഇടങ്കാല്‍കൊണ്ടു തൊടുത്ത ഷോട്ട് മെക്സിക്കന്‍ ഗോള്‍വലയുടെ വലതു മൂലയില്‍ തുളഞ്ഞിറങ്ങി.
ഗ്രൂപ്പില്‍ അടുത്ത മത്സരത്തില്‍ മെക്സിക്കോയും വെനസ്വേലയും ഏറ്റുമുട്ടും. ഗ്രൂപ്പ് ചാമ്പ്യന്മാര് ആരെന്ന് മെക്സിക്കോ-വെനസ്വേല പോരാട്ടം നിര്‍ണയിക്കും. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 5.30നാണ് മത്സരം.