വടക്കഞ്ചേരി: വള്ളിയോട് കരിപ്പാലി-പാളയം റോഡിലെ പാലങ്ങള്‍ ഉയര്‍ത്തി നിര്‍മിച്ച് മഴക്കാലത്ത് പാലങ്ങള്‍ മുങ്ങി വാഹനഗതാഗതം തടസപ്പെടുന്ന സ്ഥിതിക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തം. രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന ഹയര്‍ സെക്കന്‍ഡറി സ്കൂളും ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്ന ഇവിടെ മഴക്കാലങ്ങളിലെല്ലാം പുഴ കവിഞ്ഞൊഴുകി വാഹനഗതാഗതം തടസപ്പെടുന്ന സ്ഥിതിയാണ്. കരിപ്പാലിയിലും പാളയത്തുമായി രണ്ടുപുഴ പാലങ്ങളാണുള്ളത്.
കാലവര്‍ഷം ശക്തിപ്പെടുന്നതോടെ പുഴകള്‍ നിറഞ്ഞ് താഴ്ന്നനിലയിലുള്ള രണ്ടുപാലങ്ങളും മുങ്ങും. ബലക്ഷയത്തില്‍ പാളയത്തെ ഇടുങ്ങിയ പാലത്തിന്റെ നിലനില്പും അപകടാവസ്ഥയിലാണ്. ഇതിലൂടെയാണ് സ്വകാര്യബസ് ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ വാഹനങ്ങളും മറ്റും കടന്നുപോകുന്നത്.റോഡില്‍ സെന്റ് ഫ്രാന്‍സിസ് സ്കൂളിനു മുന്നിലായുള്ള വളവില്‍ വെള്ളക്കെട്ടും രൂക്ഷമാണിപ്പോള്‍. മുകളില്‍ നിന്നുള്ള വഴിയിലെ വെള്ളംമുഴുവന്‍ ഈ റോഡിലൂടെയാണ് പരന്നൊഴുകുന്നത്. ഇവിടെ വെള്ളം ഒഴുകിപോകാനുള്ള ചാലുകളില്ല.
പാളയം പാലത്തിലും മലിനജലമാണ് കെട്ടിനില്ക്കുന്നത്. ഇതിലൂടെ വേണം പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്കൂളിലെത്താന്‍. പാലങ്ങള്‍ ഉയര്‍ത്തി നിര്‍മിക്കുന്നതോടെ കരിപ്പാലി കവലയിലെ അപകടങ്ങളും ഇല്ലാതാക്കാമെന്നു ചൂണ്ടിക്കാട്ടുന്നു.പാളയംവഴി കരിപ്പാലിയിലൂടെ മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിലേക്ക് കയറുന്ന വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് ഇവിടെ സാധാരണമാണ്.
കരിപ്പാലി-പാളയം റോഡ് താഴ്ന്നു കിടക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഈ റോഡിന്റെ വികസനം കൊഴുക്കുള്ളി വഴി എളവമ്പാടം, കണിയമംഗലം, കാക്കഞ്ചേരി, ചിറ്റടി വഴി മംഗലംഡാമിലേക്ക് പോകുന്നവര്‍ക്കും സൗകര്യപ്രദമാകും. കിഴക്കഞ്ചേരിക്കും എളുപ്പമാര്‍ഗമാണിത്. കരിപ്പാലി-മംഗലംപാലം സംസ്ഥാനപാതയിലും പാളയം-വടക്കഞ്ചേരി റോഡിലും ഗതാഗതം തടസപ്പെട്ടാല്‍ വാഹനങ്ങള്‍ തിരിച്ചുവിടുന്നതിനുള്ള സമാന്തരപാതയായും കരിപ്പാലി-പാളയം റോഡിനെ പ്രയോജനപ്പെടുത്താനാകും.