പെരിന്തൽമണ്ണ: കല്ലട ബസ്് കാറിൽ ഇടിച്ചതിനെത്തുടർന്നു തിങ്കളാഴ്ച രാത്രി എരവിമംഗലത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തു. എരവിമംഗലം ഒലിങ്കര തോട്ടുംപുറത്ത് രതീഷ് ബാബു(32)വിനെയാണ് അറസ്റ്റു ചെയ്തത്. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ, സംഘം ചേർന്നു ബസ് തടയൽ, വാഹനത്തിനു കേടുപാടുകൾ വരുത്തൽ തുടങ്ങിയവക്കുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നതെന്നു പെരിന്തൽമണ്ണ സിഐ. വി. ബാബുരാജ് പറഞ്ഞു. കണ്ടാലറിയാവുന്ന നൂറോളം ആളുകളുടെ പേരിലും ഇതേ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
അറസ്റ്റിലായ ആളെ സംഘർഷ സ്ഥലത്തു നിന്നു കസ്റ്റഡിയിലെടുത്തിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രദേശവാസികൾ തന്നെയാണ് കാറിലുണ്ടായിരുന്നത്. കല്ലേറിൽ ബസിന്റെ വശത്തെ ചില്ല് തകർന്നിട്ടുണ്ട്. ബസ്് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലാണുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
തിങ്കളാഴ്ച രാത്രി ഏഴരയോടെ ബാലവാടിപ്പടിയിലായിരുന്നു അപകടം. ബസിടിച്ച കാർ വൈദ്യുതക്കാലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന പരിക്കേറ്റ രണ്ടു പേർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. അപകടത്തെത്തുടർന്ന് നാട്ടുകാർ മൂന്നരമണിക്കൂറോളം ബസ്് തടഞ്ഞിട്ടു.
സംഘം ചേർന്നവരെ ഒടുവിൽ ലാത്തിവീശി വിരട്ടിയോടിച്ചതിനു ശേഷം ബസ് പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പുതുച്ചേരി വഴി ചെന്നൈയിലേക്കു പോവുകയായിരുന്ന ബസിലെ യാത്രക്കാർ പലരും യാത്ര ഉപേക്ഷിച്ചു. ബാക്കിയുള്ളവരെ മറ്റൊരു വാഹനത്തിൽ കൊണ്ടുപോയി.