തലശേരി: തലശേരി ഇല്ലിക്കുന്നിലെ വീട്ടുവരാന്തയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോട്ടയം വള്ളിക്കോട് മുക്കന്‍വിളയില്‍ ജോര്‍ജ് എം. ഡാനിയലിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്ന് നാട്ടില്‍ കൊണ്ടുപോയി സംസ്കരിക്കും. ജോര്‍ജിന്റെ ബന്ധുക്കള്‍ ഇന്നലെ രാത്രിയോടെ മൃതദേഹം സൂക്ഷിച്ചിട്ടുള്ള പരിയാരം മെഡിക്കല്‍ കോളജിലെത്തിയിരുന്നു. ഇതിനിടയില്‍ മരണത്തിന് ഉത്തരവാദികളായ മൂന്ന് സ്ത്രീകളുടെ പേരെഴുതിയ ആത്മഹത്യാകുറിപ്പ് ജോര്‍ജിന്റെ മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. തലശേരി പ്രിന്‍സിപ്പല്‍ എസ്‌ഐ സന്തോഷ് കുമാര്‍ മൃതദേഹത്തില്‍ നടത്തിയ പരിശോധനയിലാണ് പോക്കറ്റില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് ഇല്ലിക്കുന്നിലെ സജി വിനോദിന്റെ ഡല്‍മണ്ട് എന്ന വീടിന്റെ അടുക്കള ഭാഗത്തെ വരാന്തയില്‍ ജോര്‍ജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നീ എന്നോട് എന്തിന് ദേഷ്യപ്പെടുന്നു… ചാച്ചന്‍ മരിക്കാന്‍ പോകുന്നു.. എന്നിങ്ങനെ പോകുന്ന ആത്മഹത്യ കുറിപ്പില്‍ സജി വിനോദിന്റെ സുഹൃത്തുക്കളായ മൂന്ന് സ്ത്രീകളാണ് തന്റെ മരണത്തിന് കാരണമെന്നും ജോര്‍ജ് പറഞ്ഞിട്ടുണ്ട്.
ആത്മഹത്യകുറിപ്പിലെ വിവരങ്ങളെ കുറിച്ച് വിശദമായ അന്വാഷണം നടത്തി വരികയാണെന്ന് പ്രിന്‍സിപ്പല്‍ എസ്‌ഐ ടി.എന്‍ സന്തോഷ്കുമാര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. സജി വിനോദിന്റെ ബന്ധുവായ ജോര്‍ജ് എം. ഡാനിയേല്‍ നാലുമാസം മുമ്പ് വരെ ഈ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സജിയുടെ ഭര്‍ത്താവ് വിനോദ് നാല് വര്‍ഷം മുമ്പ് തൂങ്ങി മരിച്ചിരുന്നു. ജോര്‍ജ് ഡാനിയേല്‍ സജി വിനോദിന്റെ വീട്ടില്‍ വരുന്നത് സംബന്ധിച്ച് പ്രശ്‌നങ്ങളുണ്ടാകുകയും സജിയുടെ വീട്ടില്‍ മേലില്‍ വരരുതെന്ന് ജോര്‍ജിനെ ധര്‍മടം പോലീസ് താക്കീത് ചെയ്യുകയും ചെയ്തിരുന്നു.