സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാഭ്യാസമാണ് പ്രമുഖരുടെ വിജയത്തിന്റെ അടിത്തറ: എംപി

ALP-KODIKUNNILകടയ്ക്കല്‍: സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാഭ്യാസമാണ് പ്രമുഖ വ്യക്തികളുടെ വിജയത്തിന്റെ അടിത്തറയെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഇന്ത്യയുടെ മുന്‍ പ്രഥമ പൗരന്മാരായ കെ.ആര്‍. നാരായണന്‍, ഡോ. എ.പി.ജെ. അബ്ദുള്‍കലാം, കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം എന്നിവര്‍ പ്രൈമറിതലംമുതല്‍ സര്‍ക്കാര്‍ സ്കൂളുകളിലാണ് പഠിച്ചത്. സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാഭ്യാസത്തിലൂടെ നേടിയെടുത്ത അറിവാണ് അവരുടെ ജീവിതവിജയത്തില്‍ അടിത്തറയായിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുതയില്‍ ഗവ. എല്‍പിഎസിനുവേണ്ടി തെരുവിന്‍ഭാഗം എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മിച്ച് നല്‍കിയ ഓപ്പണ്‍ സ്റ്റേജിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുതയില്‍ ഗവ. എല്‍പിഎസില്‍ പഠിച്ച് ഉന്നതനിലയിലെത്തി സര്‍വീസില്‍ തുടരുന്നവരേയും പെന്‍ഷനായവരേയും മാര്‍ഗദര്‍ശികളാക്കാന്‍ ആംഗലേയ വിദ്യാഭ്യാസം തേടിപ്പോകുന്ന പുതുതലമുറയ്ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളായിരുന്ന പ്രമുഖ വ്യക്തികളേയും അധ്യാപകരേയും എംപി ആദരിച്ചു. ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത കൈലാസ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പര്‍ പിആര്‍ പുഷ്കരന്‍ റാങ്ക് ജേതാക്കളായ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡ് വിതരണം ചെയ്തു. ചികിത്സാധനസഹായവിതരണം ട്രസ്റ്റ് പ്രസിഡന്റും മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എം ഇല്യാസ് റാവുത്തര്‍ നിര്‍വഹിച്ചു.

ട്രസ്റ്റ് സെക്രട്ടറി എ ബദറുദ്ദീന്‍, എസ്എ വാഹിദ്, ഡോ.എംഎസ് മൗലവി, ഐ ഷിഹാബുദ്ദീന്‍, റിട്ട. എസ്പി ഐ ഷെരീഫ്, റിട്ട. അധ്യാപകരായ പരമേശ്വരന്‍പിള്ള, സൈനുദ്ദീന്‍, അധ്യാപകനായ സുനില്‍കുമാര്‍, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നജീബത്ത് ബീവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്ഞര് കലയപുരം സൈഫുദ്ദീന്‍, പഞ്ചായത്തംഗങ്ങളായ പി ഷീജ, ഫസീലാബീവി, പിടിഎ പ്രസിഡന്റ് അജമല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts