പാലക്കാട്: ഇടതുസർക്കാർ ഭരണത്തിൽ കയറി മുപ്പത്താറുമാസവും ശന്പളം മുടങ്ങിയ കെഎസ്ആർടിസി ജീവനക്കാർ കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ പാലക്കാട് ഡിപ്പോയിൽ മണ്ണുസദ്യ വിളന്പി പ്രതിഷേധിച്ചു. മേശയിൽ ഇലയിട്ട് മണ്ണുവിളന്പിയായിരുന്നു പ്രതിഷേധം.
കേരളത്തിൽ പിഞ്ചുകുഞ്ഞുങ്ങൾപോലും വിശപ്പു സഹിക്കാനാകാതെ മണ്ണുതിന്നുന്ന വാർത്തകൾ വരുന്പോൾ തുടർച്ചയായി ശന്പളം നിഷേധിക്കപ്പെടുന്ന കെഎസ്ആർടിസി ജീവനക്കാരുടെ സ്ഥിതിയും വിഭിന്നമല്ലെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി കെ.രാജേഷ് പറഞ്ഞു.
തുടർച്ചയായി ഭരിച്ച ഇടതു വലതു സർക്കാരുകളുടെ നയവൈകല്യങ്ങൾമൂലം തകർച്ചയെ നേരിടുന്ന കെഎസ്ആർടിസിയെ സർക്കാർ ഡിപ്പാർട്ടുമെന്റാക്കി ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രാസൗകര്യവും ജീവനക്കാർക്ക് പണിയെടുത്ത ശന്പളവും നല്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി പി.കെ.ബൈജു, വർക്കിംഗ് പ്രസിഡന്റ് എൻ.കെ.കണ്ണൻ, ജോയിന്റ് സെക്രട്ടറി വി.വിജയൻ, എം.കണ്ണൻ, അനീഷ് എന്നിവർ പ്രസംഗിച്ചു.